സാമ്പത്തിക ഞെരുക്കം രൂക്ഷം; നിത്യച്ചിലവിന് ക്ഷേമനിധിയില്‍ കൈവച്ച് സര്‍ക്കാര്‍

സാമ്പത്തിക ഞെരുക്കം രൂക്ഷം; നിത്യച്ചിലവിന് ക്ഷേമനിധിയില്‍ കൈവച്ച് സര്‍ക്കാര്‍

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുമാണ് നിലവില്‍ കൂടുതല്‍ പണമെടുക്കുന്നത്

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നിയന്ത്രാണീതമായതോടെ ട്രഷറി നിയന്ത്രണങ്ങള്‍ക്കു പുറമേ ക്ഷേമനിധി ബോര്‍ഡുകളിലും കൈകടത്തി സര്‍ക്കാര്‍. നിത്യച്ചിലവ് നടത്താന്‍ പണമില്ലാത്ത സാഹചര്യത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പണം വകയിരുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇത്തരത്തില്‍ ഈയാഴ്ച തന്നെ 1700 കോടി രൂപ കണ്ടെത്താന്‍ ധനകാര്യവകുപ്പ് തീരുമാനമെടുത്തു.

ഓണം വാരാഘോഷത്തോടനുബന്ധിച്ചുണ്ടായ ചിലവുകളാണ് സാമ്പത്തിക ഞെരുക്കം രൂക്ഷമാക്കിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ മറ്റ് ദൈനംദിന ചിലവുകള്‍ക്ക് പണം തികയാതെ വന്നതോടെയാണ് ക്ഷേമനിധി ബോര്‍ഡുള്‍പ്പടെയുള്ളവയില്‍ നിന്ന് അധിക തുക സമാഹരിക്കാന്‍ നീക്കം ആരംഭിച്ചത്.

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുമാണ് നിലവില്‍ കൂടുതല്‍ പണമെടുക്കുന്നത്. 1200 കോടി രൂപയാണ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ബോര്‍ഡില്‍ നിന്നെടുക്കുന്നത്. 500 കോടി ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും. ഈ തുക സ്ഥിരനിക്ഷേപമായി ട്രഷറിയില്‍ സ്വീകരിക്കും.

ഇതിനു പുറമേ മറ്റു ക്ഷേമനിധി ബോര്‍ഡുകളോടും പണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ഞെരുക്കം കാരണം വകയിരുത്താനാകാത്ത അവസ്ഥയിലാണ് അവയില്‍ പലതും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഇക്കുറി ഓണക്കാല ചിലവുകള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.

ഇടപാടുകള്‍ക്ക് പണം ഇല്ലാതെവരുന്ന അവസഥയൊഴിവാക്കാന്‍ കടുത്ത ട്രഷറി നിയന്ത്രണവും കൊണ്ടുവന്നിരുന്നു. ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചു ലക്ഷമാക്കി കുറച്ചു. ഓണക്കാലത്തെ പ്രത്യേക ബില്ലുകള്‍ ഒഴികെ മറ്റുള്ളള ബില്ലുകള്‍ പാസാക്കുന്നത് പിന്നീടത്തേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടും ഞെരുക്കത്തിന് അയവ് വരാത്തതോടെയാണ് പുതിയ നീക്കം.

logo
The Fourth
www.thefourthnews.in