സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ പ്രത്യേക അനുമതി വേണം. നേരത്തേ 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കായിരുന്നു അനുമതി വേണ്ടിയിരുന്നത്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിയില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി ധനവകുപ്പ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ പ്രത്യേക അനുമതി വേണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി. നേരത്തേ 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കായിരുന്നു അനുമതി വേണ്ടിയിരുന്നത്.

25 ലക്ഷം രൂപ ട്രഷറി പരിധി 10 ലക്ഷമാക്കി കുറച്ചത് കഴിഞ്ഞ മാസമാണ്. ഓണച്ചെലവുകള്‍ വന്ന് സ്ഥിതി മോശമായതോടെയാണ് ഇപ്പോള്‍ നിയന്ത്രണം കടുപ്പിച്ചത്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലെങ്കില്‍ ഇനി അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ കഴിയില്ല. നിയന്ത്രണം ലംഘിച്ച് ബില്‍ പാസാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു ട്രഷറിക്കു ധനവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അതേയമയം, സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ സമീപിക്കുന്നതിനെ ചൊല്ലി ഭരണ പ്രതിപക്ഷ വാക്പോര് തുടരുകയാണ്. കേന്ദ്ര ധനമന്ത്രിയെ കാണാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ലെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആരോപണം പ്രതിപക്ഷ നേതാവ് തള്ളി. എംപിമാര്‍ നിവേദനത്തില്‍ ഒപ്പിടാന്‍ തയ്യാറായില്ലെന്നാണ് പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ പിന്നീടുള്ള വിശദീകരണം.

അതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്ത് തുടങ്ങി. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്പനക്കാര്‍ക്കും ഉത്സവബത്ത നല്‍കുന്നതിനായി 24കോടി രൂപ ഇന്ന് ധനവകുപ്പ് അനുവദിച്ചു.

logo
The Fourth
www.thefourthnews.in