കെ എന്‍ ബാലഗോപാല്‍
കെ എന്‍ ബാലഗോപാല്‍

'കേരളത്തോട് ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനം'; കേന്ദ്രം ശ്വാസം മുട്ടിക്കുന്നെന്ന് കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയില്‍ വിമര്‍ശനവുമായി ധനമന്ത്രി

സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയില്‍ വിമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അങ്ങേയറ്റം ശ്വാസം മുട്ടിക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ നടപടി. ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനം 32,000 കോടി രൂപയെങ്കിലും വായ്പാപരിധി പ്രതീക്ഷിച്ചിടത്ത് വെറും15,390 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് സംസ്ഥാനത്തിന് അര്‍ഹമായതിന്റെ പകുതി മാത്രമാണ്. ഇതിനുപുറമേയാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റിലും 10,000 കോടി രൂപയുടെ കുറവ് വരുത്തിയത്. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളായി 40,000 കോടിയില്‍പ്പരം രൂപയുടെ കുറവാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. ഇതിന് പുറമെയാണ് പുതിയ നടപടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു

കേരളത്തില്‍ മൊത്തം റവന്യു ചെലവിന്റെ 70 ശതമാനത്തോളം സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരുമ്പോള്‍ ചില വടക്കന്‍ സംസ്ഥാനങ്ങളില്‍ അത് 40 ശതമാനം മാത്രമാണെന്നും ബാക്കി കേന്ദ്രത്തിന്റെ കൈയയച്ചുള്ള സഹായമാണെന്നും പറഞ്ഞ മന്ത്രി കേന്ദ്ര സർക്കാരിന്റെ ഈ നടപടി കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം ഇതിനുപിന്നിലുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. ഫിസ്‌കല്‍ റസ്‌പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് ആക്റ്റ് (എഫ്ആര്‍ബിഎം ആക്ട്) നിഷ്‌കര്‍ഷിക്കുന്ന വായ്പാ തുക പോലും കേന്ദ്രം നല്‍കുന്നില്ല.

കടമെടുപ്പ് പരിധിയില്‍ വെട്ടിക്കുറവ് നടത്തിയിട്ടും നികുതി വരുമാനങ്ങള്‍ വര്‍ധിപ്പിച്ചും ജനങ്ങളുടെ പിന്തുണകൊണ്ടും മാത്രമാണ് സംസ്ഥാനം പിടിച്ചുനിന്നതെന്നും മന്ത്രി

കടമെടുപ്പ് പരിധിയില്‍ വെട്ടിക്കുറവ് നടത്തിയിട്ടും നികുതി വരുമാനങ്ങള്‍ വര്‍ധിപ്പിച്ചും ജനങ്ങളുടെ പിന്തുണകൊണ്ടും മാത്രമാണ് സംസ്ഥാനം പിടിച്ചുനിന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സമീപനത്തിനെതിരെ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കണം. ഫെഡറല്‍ സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണിതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കിഫ്ബിയുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും വായ്പകള്‍ കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തില്‍പ്പെടുത്തിയാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടികുറച്ചത്. ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒൻപത് മാസം എടുക്കാവുന്ന വായ്പ തുകയ്ക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. വായ്പ പരിധി കുറയുന്നത് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ നല്‍കാന്‍ ഇപ്പോള്‍ തന്നെ കടമെടുക്കുന്ന സംസ്ഥാനത്തിന് കേന്ദ്ര തീരുമാനം വന്‍ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in