അഡ്വ. വിബിത ബാബു
അഡ്വ. വിബിത ബാബു

കോണ്‍ഗ്രസ് നേതാവ് വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; 14 ലക്ഷം രൂപ തട്ടിയെന്ന് പരാതി

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വ. വിബിത ബാബു

പത്തനംതിട്ടയില്‍ അഭിഭാഷകയായ കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വിബിത ബാബുവിനെതിരെയാണ് കേസെടുത്തത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റിയന്‍ ആണ് തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. ഇയാളില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പല തവണയായി വിബിത ബാബു 14,16294 രൂപ, മാത്യുവില്‍ നിന്ന് വാങ്ങുകയും പറഞ്ഞ അവധി കഴിഞ്ഞും തിരികെ നല്‍കാതിരിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. വിബിത ബാബുവിന്റെയും അച്ഛന്‍ ബാബു തോമസിന്റെയും അക്കൗണ്ടിലേക്ക് പണം കൈമാറി എന്നാണ് പരാതിക്കാരൻ പറയുന്നത്. പണം നല്‍കിയതിന്റെ തെളിവുകളും പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിബിത ബാബുവിനെയും അച്ഛനെയും ഒന്നും രണ്ടും പ്രതികളായിട്ടാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിശ്വാസ വഞ്ചനാ കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാല്‍ തനിക്ക് ലഭിച്ച പണത്തിന്റെ ഒരുവിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നാണ് വിബിത ബാബുവിന്റെ വിശദീകരണം. ബാക്കി പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരാതിക്കാരന്‍ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും അവര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in