തൊണ്ടിമുതൽ മോഷണ കേസ്;
മന്ത്രി ആന്റണി രാജുവിനെതിരായ എഫ്ഐആർ റദ്ദാക്കി

തൊണ്ടിമുതൽ മോഷണ കേസ്; മന്ത്രി ആന്റണി രാജുവിനെതിരായ എഫ്ഐആർ റദ്ദാക്കി

നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ലെന്ന് കോടതി

തൊണ്ടിമുതല്‍ മോഷണക്കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായ എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി. കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വിധി പറഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്തതിലെ അപാകതയും, നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാത്ത കേസില്‍ കുറ്റപത്രം സ്വീകരിച്ച വിചാരണ കോടതി നടപടിയും ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി.

മയക്കുമരുന്ന് കേസില്‍ വഞ്ചിയൂര്‍ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച ഒസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ മാറ്റിയതുമായി ബന്ധപ്പെട്ട കേസാണ് മന്ത്രിക്കെതിരെ നിലവിലുള്ളത്. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പ്രതിയെ വെറുതെ വിട്ടിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന വാദം ശരിവച്ചായിരുന്നു വെറുതെ വിട്ടത്.

പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ ക്ലാര്‍ക്കായ ജോസിനെ സ്വാധീനിച്ച് തൊണ്ടിമുതല്‍ മോഷ്ടിക്കുകയും അളവില്‍ വ്യത്യാസം വരുത്തുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 1994 ഓക്ടോബര്‍ അഞ്ചിന് ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം കോടതിയുടെ ശിരസ്തദാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പോലീസ് കേസെടുത്തത്.

കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടി മുതലില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് കേസെടുക്കാന്‍ പോലീസിന് നിയമപ്രകാരം അധികാരമില്ലെന്നും കോടതി നേരിട്ടാണ് ഇതില്‍ നടപടി സ്വീകരിക്കേണ്ടതെന്നുമായിരുന്നു ആന്റണി രാജുവിന്റേയും ജോസിന്റെയും വാദം. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 195 പ്രകാരം മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കേണ്ടത്. എന്നാല്‍, ഇത് ലംഘിച്ച് ശിരസ്തദാറിന്റെ പ്രഥമ വിവര മൊഴിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. അധികാര പരിധിയില്‍ വരാത്ത ഒരു കേസില്‍ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയാല്‍ വിചാരണ നടത്താന്‍ കോടതിക്ക് ചുമതലയില്ലെന്നും വാദം ഉന്നയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in