അസമയത്തെ വെടിക്കെട്ട് നിരോധനം: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി, ഹര്‍ജി നാളെ പരിഗണിക്കും

അസമയത്തെ വെടിക്കെട്ട് നിരോധനം: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി, ഹര്‍ജി നാളെ പരിഗണിക്കും

ഒരു ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയില്‍ എല്ലാ ക്ഷേത്രങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയത് ഹര്‍ജിക്കാരന്‍ ഉന്നയിക്കാത്ത വിഷയമാണെന്നും അപ്പീലില്‍ പറയുന്നു

ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബഞ്ച് ഉത്തരവ് സുപ്രിം കോടതി വിധിക്ക് വിരുദ്ധമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ ചീഫ് ജസ്റ്റിസ് പരിഗണിക്കും.

സിംഗിള്‍ ബെഞ്ച് ഉത്തരവ് സാഹചര്യം പരിശോധിക്കാതെയാണ്. 2005ല്‍ വെടിക്കെട്ടിന് സുപ്രീംകോടതി ഇളവ് നല്‍കിയിട്ടുണ്ട്.2006ല്‍ സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത വരുത്തി തൃശൂര്‍ പൂരത്തിനുള്‍പ്പെടെ അനുമതി നല്‍കിട്ടുണ്ട്. വെടിക്കെട്ട് ആചാരങ്ങള്‍ക്ക് തടസമില്ലെന്നാണ് സുപ്രീംകോടതി ഉത്തരവുള്ളത്. സിംഗിള്‍ബെഞ്ച് ഈ വിധിയൊന്നും പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

ഒരു ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയില്‍ എല്ലാ ക്ഷേത്രങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയത് ഹര്‍ജിക്കാരന്‍ ഉന്നയിക്കാത്ത വിഷയമാണെന്നും അപ്പീലില്‍ പറയുന്നു. നിലവിലെ സാഹചര്യമോ സുപ്രീംകോടതിയുടെ മുന്‍കാല വിധികളോ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അനധികൃത വെടിമരുന്ന് ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതൊന്നും ഹര്‍ജിക്കാരന്റെ ആക്ഷേപമല്ല. അസമയം എന്നതിന് നിര്‍വചനം നല്‍കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ അപ്പീലില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in