നാല് കോടി വെള്ളത്തിലായോ? സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് നാല് കോടിയിലേറെ രൂപ

നാല് കോടി വെള്ളത്തിലായോ? സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് നാല് കോടിയിലേറെ രൂപ

സംസ്ഥാനത്ത് മതിയായ ഭക്ഷ്യ സുരക്ഷ ഓഫീസര്‍മാരോ ലാബുകളോ ഇല്ലെന്നും രേഖകള്‍

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ അഞ്ച് വർഷംകൊണ്ട് ചെലവഴിച്ചത് നാല് കോടിയിലേറെ രൂപ. ഭക്ഷ്യ സുരക്ഷയ്ക്കായി സംസ്ഥാനത്ത് നിലവിലുള്ള സേവനങ്ങൾ സംബന്ധിച്ചുള്ള വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സമ്പൂർണ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി, ഈറ്റ് റൈറ്റ് ക്യാമ്പസ് പദ്ധതി, ക്ലീൻ ഫ്രൂട്സ് ആൻഡ് വെജിറ്റബിള്‍സ് മാർക്കറ്റ് തുടങ്ങി 12 ഓളം പദ്ധതികള്‍ക്കായി 4,24,29000 രൂപയാണ് ചെലവാക്കിയിട്ടുള്ളത്. ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചക്കിടെ രണ്ട് പേർ മരിച്ചെന്ന ഞെട്ടലുകള്‍ക്കും പിന്നാലെ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനകള്‍ക്കുമിടെയാണ് ഈ വിവരം പുറത്തുവരുന്നത്.

ഭക്ഷ്യ സുരക്ഷാ ഓഫീസർ തസ്തികയിൽ 41 ഒഴിവുകൾ ഉള്ളപ്പോൾ പകുതി പേരെ പോലും നിയമിച്ചിട്ടില്ല, എല്ലാ ജില്ലകളിലും ലാബ് വേണമെന്ന നിർദേശവും നടപ്പായിട്ടില്ല

ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയ മറുപടിയില്‍ നിന്ന്
ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയ മറുപടിയില്‍ നിന്ന്

ഭക്ഷ്യ വകുപ്പിന് കീഴില്‍ പദ്ധതികളുടെ നടത്തിപ്പിനായി മതിയായ ഉദ്യോ​ഗസ്ഥരുണ്ടോ? ഇത്തരം പദ്ധതികള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കില്‍, എന്തുകൊണ്ട് വീണ്ടും ഭക്ഷ്യവിഷബാധ മരണങ്ങൾ വർധിക്കുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. സംസ്ഥാനത്ത് മതിയായ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോ ആവശ്യത്തിന് ലാബുകളോ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഭക്ഷ്യ സുരക്ഷാ ഓഫീസർ തസ്തികയിൽ 41 ഒഴിവുകൾ ഉള്ളപ്പോൾ പകുതി പേരെ പോലും നിയമിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ലാബ് വേണമെന്ന നിർദേശവും നടപ്പായിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് രേഖാമൂലം അറിയിച്ചു. മലബാർ വികസന കൗൺസിൽ ഗവർണർക്ക് നൽകിയ പരാതിക്ക് നൽകിയ വിശദീകരണത്തിലാണ് ഒഴിവുകൾ നികത്തിയിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കിയത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഉത്പന്നങ്ങൾ പരിശോധിക്കുന്നതിനായുള്ള മൊബൈൽ ലാബ് സംവിധാനം, ഒരു സാമ്പിൾ പൂർണമായി പരിശോധിച്ച് ക്രമക്കേട് കണ്ടെത്തുന്നതിന് പര്യാപ്തമല്ല

ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയ മറുപടിയില്‍ നിന്ന്
ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയ മറുപടിയില്‍ നിന്ന്

സംസ്ഥാനത്ത് ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി തിരുവനന്തപുരം, കാക്കനാട്, കോഴിക്കോട്, പത്തനംതിട്ട, കണ്ണൂര്‍ എന്നിവിടങ്ങളിലായി അഞ്ച് ലാബുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴിലുള്ളത്. ഇവിടെ വിഷാംശം കണ്ടെത്തുന്നതിനായി പതിനാലോളം പരിശോധനകള്‍ക്കുള്ള സൗകര്യങ്ങൾ നിലവിലുണ്ട്. എന്നാല്‍, ലാബ് ജീവനക്കാരുടെ തസ്തികകളിലെയും ഒഴിവുകള്‍ നികത്തിയിട്ടില്ല. മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഉത്പന്നങ്ങൾ പരിശോധിക്കുന്നതിനായി മൊബൈൽ ലാബ് സംവിധാനമാണ് നിലവിലുള്ളത്. ഉത്പന്നങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുള്ള സൗകര്യം മാത്രമേ ഇവിടെയുള്ളു. ഒരു സാമ്പിൾ പൂർണമായി പരിശോധിച്ച് ക്രമക്കേട് കണ്ടെത്തുന്നതിന് ഇത് പര്യാപ്തമല്ലെന്നും വകുപ്പ് പറയുന്നു.

തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റിസ് ലബോറട്ടറി , കോഴിക്കോട് എറണാകുളം ജില്ലകളിലെ അനലറ്റിക്കല്‍ സെന്റര്‍, ജില്ലാ ഫുഡ് ടെസ്റ്റിങ് ലാബ് പത്തനംതിട്ട എന്നിവിടങ്ങളിലായി 32 ഒഴിവുകളാണ് നിലവിലുള്ളത്. ഇവയില്‍ റിസര്‍ച്ച് ഓഫീസറുടെയും ഒഴിവുകള്‍ പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ലാബ് അസിസ്റ്റന്റ് നിയമനത്തിനായി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന വിശദീകരണം.

നാല് കോടി വെള്ളത്തിലായോ? സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് നാല് കോടിയിലേറെ രൂപ
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റത് നിരവധിപ്പേരാണ്. 2022 മെയ് മാസത്തില്‍ കാസർഗോഡ് ഷവർമ കഴിച്ച ദേവനന്ദ എന്ന പെൺകുട്ടി മരിച്ചതോടെയാണ് വിഷയം വാർത്തകളില്‍ വീണ്ടും സജീവമാകുന്നത്. ഏറ്റവുമൊടുവില്‍, കഴിഞ്ഞയാഴ്ച ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കോട്ടയത്തെ രശ്മിയും ഇന്ന് മരിച്ച അഞ്ജു ശ്രീയും. വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം പാകം ചെയ്തതിന് പൂട്ടുവീണത് നിരവധി ഹോട്ടലുകള്‍ക്കാണ്. രശ്മിയുടെ മരണത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടക്കുന്നതിനിടെയാണ് കാസര്‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതിയുടെ മരണം. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പരിശോധനകളും നടപടികളുമെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.

logo
The Fourth
www.thefourthnews.in