'അങ്ങനെയൊരു സർട്ടിഫിക്കറ്റ് കയ്യിലില്ല, കൊടുത്തിട്ടുമില്ല'; വ്യാജരേഖ വിവാദത്തിൽ വിദ്യ, ആദ്യ പ്രതികരണം ദ ഫോര്‍ത്തിന്

വ്യാജരേഖ കാണുന്നത് മാധ്യമങ്ങളിലൂടെയാണ്. അങ്ങനെയൊന്ന് തന്‍റെ കയ്യില്‍ ഇല്ല. എന്താണ് സംഭവിച്ചതെന്ന് താൻ അന്വേഷിക്കുകയാണെന്നും വിദ്യ

അട്ടപ്പാടി ആര്‍ജിഎം ഗവ. കോളേജിലെ മലയാളം വിഭാഗം ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുവേണ്ടി വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ. അങ്ങനെയൊരു രേഖ തന്റെ കയ്യിലില്ലെന്നും വിദ്യ ദ ഫോര്‍ത്തിനോട് പറഞ്ഞു.

സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി പോലത്തെ ഒന്ന് മാധ്യമങ്ങളിൽ കണ്ട അറിവ് മാത്രമാണുള്ളത്. അതല്ലാതെ വേറൊന്നും അതുമായി ബന്ധപ്പെട്ട് കണ്ടിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞാനും അന്വേഷിക്കുകയാണെന്നും വിദ്യ പറഞ്ഞു. അതേസമയം, ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായുള്ള അഭിമുഖത്തിൽ പങ്കെടുത്തതായി വിദ്യ സമ്മതിച്ചു.

മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റാണ് അട്ടപ്പാടി കോളേജിലെ ഗസ്റ്റ് ലക്ചറർ നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. ഇത് വ്യാജമാണെന്ന് കോളേജ് അധികൃതർക്ക് സംശയം തോന്നുകയും സർട്ടിഫിക്കറ്റ് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന് അയച്ചുനൽകുകയുമായിരുന്നു. അദ്ദേഹം പരാതി നൽകിയതോടെ പോലീസ് കേസും രാഷ്ടീയ വിവാദവും ഒരേപോലെ പിന്നാലെ വന്നു.

അട്ടപ്പാടി കോളേജില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തുമ്പോഴാണ് അങ്ങനെ ഒരു രേഖ താൻ നൽകിയിട്ടില്ലെന്ന വാദം വിദ്യ ഉയർത്തുന്നത്. അട്ടപ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുകയാണ് വിദ്യ.

2018 ജൂണ്‍ നാല് മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസില്‍ ലക്ചര്‍ ആയിരുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജരേഖയാണ് വിദ്യ അട്ടപ്പാടി കോളേജില്‍ ഹാജരാക്കിയത്.ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ വിജയന്‍ മഹാരാജാസിലെ പിജി വിദ്യാര്‍ത്ഥിയായിരുന്നു.

ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിദ്യ കാലടി സംസ്ക്യത സര്‍വകലാശാലയില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. വിദ്യയ്ക്കെതിരെ ജാമ്യമില്ലാക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in