ഉമ്മന്‍ ചാണ്ടി അന്തരിച്ചു

ഉമ്മന്‍ ചാണ്ടി അന്തരിച്ചു

ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. അര്‍ബുദ രോഗരോഗബാധിതനായി ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ 4.25 നായിരുന്നു അന്ത്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെ മകന്‍ ചാണ്ടി ഉമ്മനാണ് മരണ വാര്‍ത്ത അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റിയത്

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലെ അര്‍ബുദ ചികിത്സാ കേന്ദ്രമായ എസ്സിജി ആശുപത്രിയിലേക്ക് മാറ്റിയത്. ഇമ്യുണോ തെറാപ്പിയിലൂടെഅദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു ഡോക്ടര്‍മാരുടെ സംഘംനടത്തിയത് . ചികിത്സയില്‍ പുരോഗതി ഉണ്ടായതോടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം കുടുംബത്തോടൊപ്പം ബെംഗളൂരു ഇന്ദിര നഗറില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു . അത്യാവശ്യഘട്ടങ്ങളില്‍ ചികിത്സ തേടാമെന്ന സൗകര്യാര്‍ത്ഥമായിരുന്നു കുടുംബം അദ്ദേഹവുമായി ബെംഗളൂരുവില്‍ തുടര്‍ന്നത്.

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ട് പോകാനുളള കൂടിയാലോചനകളിലാണ് കുടുംബം. കേരളത്തില്‍ എവിടെയൊക്കെ പൊതു ദര്‍ശനം ഉണ്ടാകുമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ആകും തീരുമാനമെടുക്കുക. വിശാല പ്രതിപക്ഷ യോഗം നടക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ദേശീയനേതാക്കളെല്ലാം ബെംഗളൂരുവിലുണ്ട്. വ്യോമമാര്‍ഗം മൃതദേഹം കേരളത്തില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടി രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. 1977-ൽ കെ കരുണാകരൻ മന്ത്രിസഭയിലും ആദ്യമായി മന്ത്രിയായി അദ്ദേഹം 1978-ൽ എ കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി.

1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ മത്സരം. സിപിഎം എംഎൽഎ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.

2004-ൽ എകെ. ആന്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോഴാണ് ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എംഎൽഎമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.

logo
The Fourth
www.thefourthnews.in