'മുന്‍ സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കാതിരിക്കുന്നത് ശരിയല്ല'; പൊതുമരാമത്ത് വകുപ്പിനെതിരെ ജി സുധാകരന്‍

'മുന്‍ സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കാതിരിക്കുന്നത് ശരിയല്ല'; പൊതുമരാമത്ത് വകുപ്പിനെതിരെ ജി സുധാകരന്‍

ശവക്കോട്ട പാലത്തിനും കൊമ്മാടി പാലത്തിനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് 50 കോടിയിലേറെ രൂപ അനുവദിച്ചാണ് പണി ആരംഭിച്ചതെന്ന് ജി സുധാകരൻ

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. മുന്‍ സര്‍ക്കാരുകള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെ ഓര്‍ക്കാതിരിക്കുന്നത് ശരിയായ രീതിയല്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. ആലപ്പുഴയിലെ കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ ഉദ്ഘാടനം ഉടൻ നടക്കാനിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രിയുടെ വിമർശനം.

ശവക്കോട്ട പാലത്തിനും കൊമ്മാടി പാലത്തിനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് 50 കോടിയിലേറെ രൂപ അനുവദിച്ചാണ് പണി ആരംഭിച്ചതെന്ന് ജി സുധാകരൻ ഓർമിപ്പിച്ചു. '' അടിസ്ഥാന വികസനത്തെ മനസ്സിലാക്കി വേണം പ്രചാരണം നടത്താൻ. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് എവിടെയും പറയുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്'' - ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം ഉന്നയിച്ചു.

താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ആലപ്പുഴയില്‍ എട്ട് പാലങ്ങള്‍ ഡിസൈന്‍ ചെയ്ത് പണം അനുവദിച്ചിരുന്നെന്ന് അദ്ദേഹം പറയുന്നു. 70 ലധികം പാലങ്ങള്‍ ഡിസൈന്‍ ചെയ്തു. വൈറ്റ് ടോപ്പിങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയില്‍ കൊണ്ടുവന്നു. ആലപ്പുഴയെ പുതുക്കിപ്പണിയുകയെന്ന നിയമസഭാ പ്രഖ്യാപനത്തിന്റെ ഭാഗമായായിരുന്നു ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ ചരിത്രവസ്തുക്കള്‍ ഒന്നും ഓര്‍ക്കപ്പെടുന്നില്ലെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തി.

ഈമാസം 24നാണ് ശവക്കോട്ട, കൊമ്മാടി പാലങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫ്ലക്സുകളിലോ പോസ്റ്ററുകളിലോ എവിടേയും ജി സുധാകരന്റെ പേരോ ചിത്രമോ ഇല്ല. മുഖ്യമന്ത്രി, മുഹമ്മദ് റിയാസ്, എ എം ആരിഫ് എംപി, ചിത്തരഞ്ജൻ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഫ്ലക്സുകളിലുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാന്‍ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.

2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്‌കരമായിരുന്നു. ആദ്യം കുഴികള്‍ നികത്തി ടൈലിട്ട് പാലങ്ങള്‍ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. ഈ സര്‍ക്കാര്‍ വന്ന് 2021 ല്‍ തന്നെ പാലം പൂര്‍ത്തിയാക്കേണ്ടത് ആയിരുന്നു, എന്നാല്‍ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോയി. ഇപ്പോള്‍ പൂര്‍ത്തിയായത് ഏറെ ആശ്വാസകരമാണ്.

ഈ രണ്ടു പാലങ്ങള്‍ അടക്കം 8 പാലങ്ങള്‍ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളില്‍ കഴിഞ്ഞ ഗവണ്‍മെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ ചെയ്ത് പണം അനുവദിച്ചത്. ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്‌റു ട്രോഫി, പള്ളാത്തുരുത്തി - കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാല്‍പ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയില്‍ മൊത്തം 70ല്‍പ്പരം പാലങ്ങളുമാണ് ഡിസൈന്‍ ചെയ്തത്. ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്‍മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു.

ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താന്‍. ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് ഇത് എത്രമാത്രം സഹായമാണ്. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ ഗവണ്‍മെന്റ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവണ്‍മെന്റും ചെയ്യുന്നത് ഓര്‍മിക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ല.

logo
The Fourth
www.thefourthnews.in