മുന്‍ എംഎല്‍എ  പ്രൊഫ. എ നബീസ ഉമ്മാള്‍ അന്തരിച്ചു

മുന്‍ എംഎല്‍എ പ്രൊഫ. എ നബീസ ഉമ്മാള്‍ അന്തരിച്ചു

മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലിം പെണ്‍കുട്ടിയായിരുന്നു

കഴക്കൂട്ടം മുന്‍ എംഎല്‍എ പ്രൊ. എ നബീസ ഉമ്മാള്‍ അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലിം പെണ്‍കുട്ടി കൂടിയായിരുന്നു നബീസ ഉമ്മാള്‍.

33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ നിരവധി കോളജുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. 1986ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിത കൂടിയായിരുന്നു നബീസ ഉമ്മാള്‍.

1987 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ വിജയിച്ചു. 1991ലെ തെരഞ്ഞെടുപ്പിലും കഴക്കൂട്ടത്തുനിന്നും വീണ്ടും മത്സരിച്ചെങ്കിലും എം വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1995ൽ നെടുമങ്ങാട് നഗരസഭ ചെയര്‍പെഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in