'പാഠം പഠിച്ചാല്‍ നല്ലത്, അല്ലെങ്കില്‍ ബംഗാളും ത്രിപുരയും പോലെയാകും'; സിപിഎമ്മിന് മുന്നറിയിപ്പുമായി ഗീവര്‍ഗീസ് കൂറിലോസ്‌

'പാഠം പഠിച്ചാല്‍ നല്ലത്, അല്ലെങ്കില്‍ ബംഗാളും ത്രിപുരയും പോലെയാകും'; സിപിഎമ്മിന് മുന്നറിയിപ്പുമായി ഗീവര്‍ഗീസ് കൂറിലോസ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് ഗീവര്‍ഗീസ് കൂറിലോസ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരച്ചടിയില്‍ നിന്ന് സിപിഎമ്മും ഇടതു കക്ഷികളും പാഠം പഠിക്കണമെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമായിരിക്കും കാത്തിരിക്കുന്നതെന്നും മുന്നറിയിപ്പ് നല്‍കി യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് കൂറിലോസ്.

തിരിച്ചടികള്‍ എന്തുകൊണ്ടാണെന്നു സിപിഎമ്മും ഇടതു കക്ഷികളും മനസിലാക്കണമെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

''ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പോലീസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതുവല്‍ക്കരണ നയങ്ങള്‍, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനം ആണ''- കൂറിലോസ് കുറിച്ചു.

ഫാസിസത്തിനെതിരേ ധീരമായി പോരാടിയ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും ബിജെപിയെക്കാളുപരി കോണ്‍ഗ്രസിനെ വര്‍ഗശത്രുവായിക്കണ്ട് എതിര്‍ക്കാനും സിപിഎം തയാറായത് മതേതര വിശ്വാസികളില്‍ സിപിഎമ്മിനോടുള്ള സംശയം വര്‍ധിപ്പിച്ചുവെന്നും അത് ഇനിയും തുടര്‍ന്നാല്‍ മതേതര പാര്‍ട്ടിയെന്ന ലേബല്‍ സിപിഎമ്മിന് പൂര്‍ണമായും നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാരത്തകര്‍ച്ച ഈ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യപങ്കു വഹിച്ചുവെന്നും കൂറിലോസ് പറഞ്ഞു. ''ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.'കിറ്റ് രാഷ്ട്രീയത്തില്‍' ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍''- കൂറിലോസ് പറഞ്ഞു.

തെറ്റുകള്‍ തരുത്തുമെന്ന ഇടതു നേതൃത്വത്തിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും പക്ഷേ അത് തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം. ഇടതുപക്ഷം 'ഇടത്ത് ' തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല''- കൂറിലോസ് മുന്നറിയിപ്പ് നല്‍കി.

logo
The Fourth
www.thefourthnews.in