പരീക്ഷ പാസായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; മനംനൊന്ത് യുവതി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

പരീക്ഷ പാസായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; മനംനൊന്ത് യുവതി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

മറ്റ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് സൂര്യ മനോവിഷമത്തില്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു

കൊല്ലം കുണ്ടറയില്‍ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗര്‍ നന്ദനം വീട്ടില്‍ എന്‍ ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ ആര്‍ സൂര്യ(22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരീക്ഷ പാസായി ഒരു വര്‍ഷം കഴിഞ്ഞിട്ടും കേരള സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബിഎ ഹിസ്റ്ററി പൂര്‍ത്തിയാക്കിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. മറ്റ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് സൂര്യ മനോവിഷമത്തില്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു.

വൈകിട്ട് വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് വന്നില്ല. അന്വേഷിച്ചുചെന്ന സഹോദരി ഐശ്വര്യയാണ് സൂര്യയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സമീപത്തു നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in