കെടിയു താല്‍ക്കാലിക വി സി നിയമനം; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കെടിയു താല്‍ക്കാലിക വി സി നിയമനം; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വന്തം ഇഷ്ടപ്രകാരം ആരെയും നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണര്‍ നടത്തിയ നിയമനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിസി താല്‍ക്കാലിക നിയമനം സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഇഷ്ടപ്രകാരം ആരെയും നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ കേരളത്തിലെ മറ്റേതെങ്കിലും വിസിമാര്‍ക്ക് പകരം ചുമതല നല്‍കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിന് ചാന്‍സലര്‍ വിസിയുടെ ചുമതല നല്‍കിയത് കെടിയു ആക്ടിന്റെ ലംഘനമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കെടിയു ആക്ട് പ്രകാരം വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ മറ്റേതെങ്കിലും വിസിയ്ക്കോ, കെടിയു പ്രോ വൈസ് ചാന്‍സലര്‍ക്കോ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് ചട്ടം.

യുജിസി ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 21നാണ് കെടിയു വിസി ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയത്. ഇതോടെ കേരള ഡിജിറ്റല്‍ സര്‍വകലാശാല ചെയര്‍മാന്‍ സജി ഗോപിനാഥിന് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എന്നാലിത് ചാന്‍സലര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിസിയുടെ ചുമതല നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കി. ഈ കത്തിനോട് പ്രതികരിക്കുക പോലും ചെയ്യാതെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലും ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലുമുള്ള 10 വര്‍ഷത്തിലധികം സര്‍വീസുള്ള പ്രൊഫസര്‍മാരുടെ പട്ടിക രാജ്ഭവന്‍ തേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. സിസ തോമസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകൂവെന്നിരിക്കെയാണ് ചാന്‍സലര്‍ ഏകപക്ഷീയ തീരുമാനമെടുത്തത്. ഈ സാഹചര്യത്തില്‍ നിയമനം റദ്ദാക്കി, ചട്ട പ്രകാരം താല്‍ക്കാലിക ചുമതല കൈമാറാന്‍ നിര്‍ദേശിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

logo
The Fourth
www.thefourthnews.in