കൃത്യതയുള്ള ആസൂത്രണം, അടിമുടി ജാഗ്രത; മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

കൃത്യതയുള്ള ആസൂത്രണം, അടിമുടി ജാഗ്രത; മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

ക്യാംപയിനുമായി ബന്ധപ്പെട്ട ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിനകം പൂര്‍ത്തിയാക്കും. ഇടക്കാല, ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ 2023 ഒക്ടോബറിലും 2024 മാര്‍ച്ചിലും പൂര്‍ത്തീകരിക്കും

മാലിന്യ നിര്‍മാര്‍ജനത്തിനായി പുതിയ പദ്ധതികളുമായി സര്‍ക്കാര്‍. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ 'മാലിന്യ മുക്തകേരളം' ലക്ഷ്യമിട്ടുകൊണ്ട് മാലിന്യ നിര്‍മാര്‍ജനത്തിനായി കൃത്യമായ സമയക്രമങ്ങളോടെ കര്‍മ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. 2016ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ പ്രകാരമുള്ള മാലിന്യ സംസ്‌കരണം, വേര്‍തിരിക്കല്‍, പൊതുസ്ഥലങ്ങളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നിവയുമായി ബന്ധപ്പെട്ടാണ് പുതിയ പദ്ധതികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്.

ആക്ഷന്‍ പ്ലാനിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, അവലോകനം ചെയ്യുക എന്നീ ചുമതലകള്‍ ജില്ലാ കളക്ടര്‍ക്കും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കുമാണ്.

മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തില്‍ 'നവകേരളം വൃത്തിയുള്ള കേരളം' എന്ന ക്യാംപയിൻ ഇതിനോടകം തന്നെ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി സമഗ്രമായ ഒരു പ്രീ മണ്‍സൂണ്‍ ക്യാംപയിൻ നടപ്പിലാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിന് കൃത്യമായ സമയക്രമം പാലിക്കാനും മഴക്കാലത്തിന് മുന്‍പ് തന്നെ പദ്ധതി ഫലവത്താക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി.

ഗ്രാമപഞ്ചായത്തുകളിലും- എല്‍എസ്ജി തലത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാതലത്തില്‍ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ക്കുമാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനങ്ങളുടെ ചുമതല. ആക്ഷന്‍ പ്ലാനിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, അവലോകനം ചെയ്യുക എന്നീ ചുമതലകള്‍ ജില്ലാ കളക്ടര്‍ക്കും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കുമാണ്.

മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ള ഇടക്കാല, ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ 2023 ഒക്ടോബറിലും 2024 മാര്‍ച്ചിലും പൂര്‍ത്തീകരിക്കും

ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുക, അജൈവ മാലിന്യങ്ങളുടെ വീടുതോറുമുള്ള ശേഖരണം, ജൈവ മാലിന്യത്തിന്റെ സംസ്‌കരണം, പൊതു ഇടങ്ങളുടെയും ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുക എന്നിയവയാണ് ക്യാംപയിന്റെ ലക്ഷ്യം. ക്യാംപയിനുമായി ബന്ധപ്പെട്ട ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനകം പൂര്‍ത്തിയാക്കും. ജനകീയ ഓഡിറ്റ്, മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യവികസനം എന്നിങ്ങനെയുള്ള ഇടക്കാല, ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ 2023 ഒക്ടോബറിലും 2024 മാര്‍ച്ചിലും പൂര്‍ത്തീകരിക്കും.

ഹ്രസ്വ-ദീര്‍ഘ-ഇടക്കാല അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്

ജില്ലാ കോര്‍ കമ്മിറ്റി, ആരോഗ്യ ജാഗ്രത സമിതികള്‍, വാര്‍ഡ് തല ക്ലസ്റ്ററുകള്‍ എന്നിവയെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം. ക്യാംപയിന് കീഴില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം പൊതു ഓഡിറ്റിലൂടെ വിലയിരുത്തുകയും, കൂടാതെ എല്ലാ തദ്ദേശ സ്വയംഭരണ സര്‍വീസുകളും ക്യാംപയിൻ പൂര്‍ത്തിയാകുമ്പോള്‍ റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. ഹ്രസ്വ-ദീര്‍ഘ-ഇടക്കാല അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ജൂണ്‍ ആറ് മുതല്‍ ജൂലൈ ഏഴ് വരെ ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊതു ഓഡിറ്റ് ആരംഭിക്കുകയും 2023 സെപ്റ്റംബറിനകം ഓഡിറ്റില്‍ കണ്ടെത്തിയ പോരായ്മകളില്‍ തിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.

ഹരിതമിത്രം ആപ്പിനെ എല്ലാവരിലേക്കുമെത്തിക്കാനുള്ള നടപടികള്‍, മാലിന്യ സംഭരണം സംവിധാനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വീകരിക്കും

വാര്‍ഡ് തല ക്ലസ്റ്റര്‍ രൂപീകരണം, ജില്ലാതല മീറ്റിങ്, ശുചിത്വ സ്‌ക്വാഡുകളുടെ രൂപീകരണം എന്നിങ്ങനെയുള്ള തയ്യാറെടുപ്പുകളും തദ്ദേശ സ്വയംഭരണ തലത്തിലും ജില്ലാതലത്തിലും ആരോഗ്യ ജാഗ്രത സമിതിയുടെ രൂപീകരണം, ഹരിത മിത്രം ആപ്പ് വഴിയുള്ള പരാതി പരിഹാരം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 18 മുതല്‍ 31 വരെയുള്ള കാലയളവില്‍ നടപ്പിലാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും ഇറച്ചി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പൊതുവായ മാനദണ്ഡങ്ങളും സര്‍ക്കാര്‍ ഈ കാലയളവില്‍ നടപ്പാക്കും. ഹരിതമിത്രം ആപ്പിനെ എല്ലാവരിലേക്കുമെത്തിക്കാനുള്ള നടപടികള്‍, മാലിന്യ സംഭരണം സംവിധാനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വീകരിക്കും.

വീടുകളിലെ മാലിന്യ സംസ്‌കരണം പരിശോധിക്കാന്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകളും രൂപീകരിക്കും

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കീഴില്‍ അജൈവമാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുന്നതിനായി ഗതാഗത ഏജന്‍സികളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുക, അജൈവമാലിന്യങ്ങള്‍ വീടുകള്‍ തോറും കയറി ശേഖരിക്കുക, മാലിന്യശേഖരണ യൂണിറ്റുകള്‍ക്ക് രജിസ്റ്ററുകള്‍, ഫയര്‍ എക്സ്റ്റിങ്ഗുഷറുകള്‍ എന്നിവ നല്‍കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളും ക്യാംപയിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. വീടുകളിലെ മാലിന്യ സംസ്‌കരണം പരിശോധിക്കാന്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകളെ രൂപീകരിക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്ലീന്‍ അപ്പ് ഡ്രൈവുകള്‍ സംഘടിപ്പിക്കുക എന്നിവയും മാര്‍ച്ച് 30 മുതല്‍ ജൂണ്‍ 5 വരെയുള്ള കാലയളവില്‍ നടപ്പിലാക്കും.

കുടിവെള്ളസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, പൊതുഇടങ്ങള്‍, കൃഷിഇടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കൊതുക് വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കുക എന്നിങ്ങനെ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

പൊതുഇടങ്ങളിലെയും സ്വകാര്യ വസ്തുക്കളിലെയും മാലിന്യം നീക്കം ചെയ്യുക, ഹരിതകര്‍മസേനയുടെ സഹായത്തോടെ വേസ്റ്റ് ബിന്നുകളും, മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 മുതല്‍ മെയ് അഞ്ച് വരെ നടപ്പിലാക്കും. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കാനുള്ള നടപടിയും ഇടക്കാല അടിസ്ഥാനത്തില്‍ നടപ്പിലാക്കും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വലിയ മാലിന്യശാലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ പദ്ധതി ലക്ഷ്യംവയ്ക്കുന്നു.

ക്യാംപയിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളെ സംബന്ധിച്ച പൊതു ഓഡിറ്റുകള്‍ ഏപ്രില്‍ 15 മുതല്‍ ജൂലൈ 15 വരെയും നടപ്പിലാക്കും

മഴക്കാലം മുന്നില്‍ക്കണ്ടുകൊണ്ട് കൊതുക് നിര്‍മാര്‍ജനത്തിനായുള്ള ട്രെയിനിങ് പ്രോഗ്രാമുകള്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നടപ്പാക്കും. മാര്‍ച്ച് 25ഓടെ തിരഞ്ഞെടുത്ത പ്രതിനിധികള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും. പൊതു ശൗചാലയങ്ങള്‍ വൃത്തിയാക്കുക, ജലത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുക, ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 മുതല്‍ മെയ് മാസം അഞ്ച് വരെ നടപ്പിലാക്കും. ക്യാംപയിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളെ സംബന്ധിച്ച പൊതു ഓഡിറ്റുകള്‍ ഏപ്രില്‍ 15 മുതല്‍ ജൂലൈ 15 വരെയും നടപ്പിലാക്കും.

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും എറണാകുളം ജില്ലയിലെ മറ്റ് LSGS നും ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കൂടുതല്‍ കര്‍ശനമായ സമയക്രമമാകും പുറപ്പെടുവിക്കുക

തദ്ദേശസ്വയംഭരണ നേതൃത്വം, സെക്രട്ടറിമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശിച്ച സമയക്രമം അനുസരിച്ച് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. തനത് ഫണ്ടുകള്‍, പ്ലാന്‍ ഗ്രാന്റുകള്‍, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഫണ്ടുകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി വിനിയോഗിക്കും. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും എറണാകുളം ജില്ലയിലെ മറ്റ് LSGS നും ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കൂടുതല്‍ കര്‍ശനമായ സമയക്രമമാകും പുറപ്പെടുവിക്കുക.

logo
The Fourth
www.thefourthnews.in