കേരളത്തിലെ ജാതി വിവേചനത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ മാസിക; ലേഖനം പിന്‍വലിച്ച് ചരിത്രകാരന്‍

കേരളത്തിലെ ജാതി വിവേചനത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ മാസിക; ലേഖനം പിന്‍വലിച്ച് ചരിത്രകാരന്‍

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പ്രസിദ്ധീകരണമായ 'കേരള കോളിങ്ങി'ലേക്ക് ആവശ്യപ്പെട്ട ലേഖനമാണ് ജാതി വിവേചനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചയച്ചത്

ജാതിവിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരണം ലേഖനം തിരിച്ചയച്ചെന്ന ആരോപണവുമായി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ മലയാളി അക്കാദമിക പണ്ഡിതനും ചരിത്രകാരനുമായ ദിലീപ് മേനോന്‍. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പ്രസിദ്ധീകരണമായ 'കേരള കോളിങ്ങി'ലേക്ക് ആവശ്യപ്പെട്ട ലേഖനമാണ് ജാതി വിവേചനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചയച്ചത് എന്നാണ് ദിലീപ് മേനോന്‍ ആരോപിക്കുന്നത്.

സമൂഹമാധ്യമമായ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. സര്‍വ്വവ്യാപിയായ മലയാളി എന്ന വിഷയത്തില്‍ മാസികയിലേക്ക് നേരത്തെ ലേഖനം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 1,500 വാക്കുള്ള ലേഖനം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, ചില പരാമര്‍ശങ്ങള്‍ കാരണം ലേഖനം അതുപോലെ പ്രസിദ്ധീകരിക്കാന്‍ തടസമുണ്ടെന്ന് എഡിറ്റോറിയല്‍ വിഭാഗം അറിയിക്കുകയായിരുന്നു.

ലേഖനത്തിലുള്ള ജാതി അസമത്വങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു പ്രതികരണം. ഇവ തിരുത്തി അയച്ചാല്‍ പ്രസിദ്ധീകരിക്കാമെന്നും അറിയിച്ചു, ദിലീപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലേഖനം പിന്‍വലിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 'nocasteinkerala' എന്ന ഹാഷ്ടാഗോടെയാണ് ദിലിപ് കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കേരളത്തിലെ ജാതി വിവേചനത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ മാസിക; ലേഖനം പിന്‍വലിച്ച് ചരിത്രകാരന്‍
ബാര്‍കോഴ ആരോപണം: മുതലെടുപ്പിന് ഇറങ്ങിയ കുബുദ്ധികളും പണം നല്‍കുന്നവരും കുടുങ്ങുമെന്ന് മന്ത്രി എം ബി രാജേഷ്

ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗ് വിറ്റ്വാട്ടര്‍സ്റ്റാന്‍ഡ് സര്‍വകലാശാലയില്‍ ഹിസ്റ്ററി-ഇന്റര്‍നാഷനല്‍ റിലേഷന്‍സ് വകുപ്പില്‍ പ്രൊഫസറാണ് ദിലിപ് മേനോന്‍. സര്‍വകലാശാലയിലെ ഇന്ത്യന്‍ പഠന വിഭാഗത്തില്‍ മെലോണ്‍ ചെയറും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റഡീസ് ഇന്‍ ആഫ്രിക്കയുടെ ഡയറക്ടറുമാണ്. ഡല്‍ഹി, ഓക്സ്ഫഡ്, കേംബ്രിജ് സര്‍വകലാശാലകളില്‍ ബിരുദ, ബിരുദാനന്തരങ്ങള്‍ നേടിയ അദ്ദേഹം, കേംബ്രിജില്‍ നിന്നുതന്നെ ചരിത്രത്തില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി.

ആധുനിക ഇന്ത്യയുടെ ജാതിചരിത്രം, സാംസ്‌കാരിക ചരിത്രം, നരവംശശാസ്ത്രം, മലബാര്‍ പഠനങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്ര പഠനങ്ങള്‍ എന്നീ മേഖലയില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനാണ്. കാസ്റ്റ്, സോഷ്യലിസം, ഈക്വാലിറ്റി ഇന്‍ സൗത്ത് ഇന്ത്യ: മലബാര്‍-1900-1948(കേംബ്രിജ്), ദി ബ്ലൈന്‍ഡ്നെസ് ഓഫ് ഇന്‍സൈറ്റ്: എസ്സേസ് ഓണ്‍ കാസ്റ്റ് ഇന്‍ മോഡേണ്‍ ഇന്ത്യ(നവയാന), ദി കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് മോഡേണ്‍ ഇന്ത്യ, കാപിറ്റലിസംസ്: ടുവേഡ്സ് എ ഗ്ലോബല്‍ ഹിസ്റ്ററി എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി അന്താരാഷ്ട്ര ജേണലുകളില്‍ നൂറുകണക്കിന് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in