അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഉടനില്ല; ബജറ്റ് നിര്‍ദേശത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്

നികുതി എന്ന നിലയില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം ഉടന്‍ നടപ്പാക്കില്ല. നികുതി വര്‍ധന ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു. ''അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കാനുള്ള നിര്‍ദേശങ്ങള്‍ വച്ചെങ്കിലും ഇപ്പോള്‍ നികുതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഈ സഭയിലും പറയുകയാണ്. നേരത്തേ തന്നെ ബജറ്റ് കഴിഞ്ഞപ്പോള്‍ പറഞ്ഞിരുന്നു. പൊതുവിലുള്ള കാര്യങ്ങളില്‍ മുന്നോട്ട്‌വച്ച പല നിര്‍ദേശങ്ങളുടെയും ഭാഗമായിട്ടാണത്. അല്ലാതെ നികുതി എന്ന രീതിയില്‍ നടപ്പിലാക്കുന്നതല്ല''. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞ മറുപടി ഇങ്ങനെ. പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നികുതി പരിഷ്‌കരണം വരുമ്പോള്‍ ധനസമാഹരണത്തിനായി കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. അതിന്റെ ഭാഗമായി മുന്നോട്ട് വച്ച നിര്‍ദേശം മാത്രമാണിത്. ഇതുസംബന്ധിച്ച് പരിശോധിക്കേണ്ടത് തദ്ദേശ വകുപ്പാണ്. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ട് ഇക്കാര്യത്തില്‍ നടപടിയുണ്ടാകില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കുകയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഭാവിയില്‍ തദ്ദേശ വകുപ്പ് വിശദമായ പരിശോധന നടത്തിയ ശേഷം നികുതി നടപ്പാക്കേണ്ട സാഹചര്യമുണ്ടെന്ന് തോന്നിയാല്‍ , നടപ്പിലാക്കേണ്ടി വന്നേക്കാമെന്ന സൂചനയും ധനമന്ത്രിയുടെ വാക്കുകളിലുണ്ട്.

അടച്ചിട്ട വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന സംസ്ഥാന ബജറ്റിലെ നിര്‍ദേശത്തിന് പിന്നാലെ പ്രവാസികളുടെ ഭാഗത്തുനിന്നുള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പലവിധ സാഹചര്യങ്ങള്‍ കൊണ്ടാണ് പണിതുയര്‍ത്തിയ വീട്ടില്‍ താമസിക്കാന്‍ കഴിയാതെ പലര്‍ക്കും പ്രവാസം ഉള്‍പ്പെടെയുള്ള വഴി തെരഞ്ഞടുക്കേണ്ടി വന്നതെന്നും അതിന്റെ പേരില്‍ നികുതി അടിച്ചേല്‍പ്പിക്കുന്നത് നീതിയല്ലെന്നും സബ്മിഷന്‍ അവതരിപ്പിച്ച തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in