''കണ്ണുംപൂട്ടി ഒപ്പിടാനാകില്ല''; ഓര്‍ഡിനന്‍സില്‍ ഇടഞ്ഞ് ഗവര്‍ണര്‍, സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍

''കണ്ണുംപൂട്ടി ഒപ്പിടാനാകില്ല''; ഓര്‍ഡിനന്‍സില്‍ ഇടഞ്ഞ് ഗവര്‍ണര്‍, സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍

ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. ഭരണഘടനാനുസൃതമായ കാര്യങ്ങളാണ് ​ഗവർണർ ചെയ്യേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാൻ

ഓർഡിനൻസുകളിൽ കണ്ണുംപൂട്ടി ഒപ്പുവെയ്ക്കാനാകില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് പഠിക്കാൻ സമയം വേണം. കൃത്യമായി പരിശോധിച്ച ശേഷമേ ഒപ്പിടാനാകൂ എന്നും ​ഗവർണർ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഗവര്‍ണറുടെ നിലപാട്. ലോകായുക്ത ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകൾ ഇതോടെ അസാധുവായേക്കും.

നിയമസഭ ചേർന്നിട്ടും ഓർഡിനൻസ് നിയമമായില്ലെന്ന് ​ഗവർണർ ചൂണ്ടിക്കാട്ടി. ഓർഡിനൻസ് അടിയന്തര സാഹചര്യത്തിൽ പാസാക്കേണ്ടതാണ്. ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. സുപ്രീംകോടതി തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ അനുസൃതമായ കാര്യങ്ങളാണ് ​ഗവർണർ ചെയ്യേണ്ടതെന്നും ​ഗവർണർ വ്യക്തമാക്കി.

ഓർഡിനൻസുകൾ നിയമസഭയിൽ എത്താത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ​ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു

അതേസമയം, ഓർഡിനൻസുകൾ നിയമസഭയിൽ എത്താത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ​ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട ധനകാര്യം മാത്രമായിരുന്നുവെന്നും നിയമ നിർമാണത്തിനായി ഒക്ടോബറിൽ പ്രത്യേക സഭാ സമ്മേളനം ചേരുമെന്നും സർക്കാർ ​ഗവർണറെ അറിയിച്ചു. എന്നാൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും വിശദീകരണം ലഭിച്ചില്ലെന്നാണ് ​ഗവർണറുടെ ആരോപണം.

''കണ്ണുംപൂട്ടി ഒപ്പിടാനാകില്ല''; ഓര്‍ഡിനന്‍സില്‍ ഇടഞ്ഞ് ഗവര്‍ണര്‍, സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍
11 ഓർഡിനൻസുകളുടെ കാലാവധി ഇന്നവസാനിക്കും; അംഗീകാരം നൽകാതെ ഗവർണർ

ഓർഡിനൻസ് ഭരണം പാടില്ല എന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ഓർഡിനൻസ് ഒപ്പിടില്ല എന്ന് ​ഗവർണർ പറഞ്ഞിട്ടില്ല. ​ഗവർണർ ഒപ്പിടുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇത്തരം കാര്യങ്ങൾക്ക് നിയമസഭാ സമ്മേളനം വിളിക്കുന്നത് പരി​ഗണനയിലാണെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകായുക്ത നിയമ ഭേദ​ഗതി ഉൾപ്പെടെ നിർണായകമായ 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ​ഗവർണറുടെ പ്രതികരണം. ഗവര്‍ണറെ അനുനയിപ്പിക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സുകൾ റദ്ദാകും. ഇതില്‍ പ്രധാനം കേരളാ ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സാണ്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓര്‍ഡിനന്‍സാണ് ഇത്. ആദ്യ ഘട്ടത്തിലും ഈ ഓര്‍ഡിന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വിശദീകരണം നല്‍കിയത്.

logo
The Fourth
www.thefourthnews.in