വീണാ വിജയനെതിരായ മാസപ്പടി ആരോപണം ഗുരുതരം; പരിശോധിക്കുമെന്ന് ഗവർണർ

വീണാ വിജയനെതിരായ മാസപ്പടി ആരോപണം ഗുരുതരം; പരിശോധിക്കുമെന്ന് ഗവർണർ

സേവനങ്ങൾ നൽകാതെയാണ് 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി വീണയ്കക്ക് നൽകിയതെന്നാണ് ശശിധരൻ കർത്തയുടെ മൊഴി

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വീണയ്‌ക്കെതിരായ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് ഗവർണർ പറഞ്ഞു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കണ്ടെത്തലുകൾ ഗുരുതരമാണെന്നാണ് മാധ്യമങ്ങളിലൂടെ മനസിലാകുന്നതെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേ​ഹം വ്യക്തമാക്കി.

മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ലെന്നും ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ കൂടിയാണെന്നും ​ഗവർണർ വ്യക്തമാക്കി. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസിലാക്കേണ്ടതുണ്ടെന്നും ഗവർണർ പ്രതികരിച്ചു.

വീണാ വിജയന് സിഎംആർഎൽ കമ്പനി പണം നൽകിയെന്ന കണ്ടെത്തലാണ് രാഷ്ട്രീയ വിവാദമായത്. 1.72 കോടി രൂപയാണ് ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നൽകിയത്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് വീണയ്ക്ക് പണം നൽകിയത്. സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയിരുന്നു.

2017ൽ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആർഎലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണയ്ക്ക് എല്ലാമാസവും അഞ്ചുലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചിരുന്നു.

വീണാ വിജയനോ എക്‌സാലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്ന് സിഎംആർഎൽ ഡയറക്ടറായ ശശിധരൻ കർത്ത ആദായനികുതി തർക്കപരിഹാര ബോർഡിന് മൊഴി നൽകിയിരുന്നു. സേവനങ്ങൾ നൽകാതെയാണ് 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി വീണയ്കക്ക് നൽകിയതെന്നാണ് ശശിധരൻ കർത്തയുടെ മൊഴി.

എന്നാൽ, ബിസിനസ് ആവശ്യങ്ങൾക്ക് ബാങ്ക് മുഖേന പണം നൽകുന്നതിന് നിമയത്തിൽ സാധുതയുണ്ടെങ്കിലും ഒരു സേവനവും നൽകാതെ കർത്തയുടെ കമ്പനി വീണയ്ക്ക് പണം കൈമാറിയത് നിയമവിരുദ്ധമായിട്ടാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. വീണയ്ക്ക് പുറമെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ചില മാധ്യമസ്ഥാപനങ്ങൾക്കും സിഎംആർഎൽ കമ്പനി പണം നൽകിയതായി കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in