കേരള സര്‍വകലാശാലയില്‍ കുത്തഴിഞ്ഞ ഭരണ സംവിധാനം; സര്‍ക്കാര്‍ കുട്ടികളുടെ ഭാവി വെച്ച് കളിക്കുന്നു, വിമര്‍ശനവുമായി ഗവര്‍ണര്‍

കേരള സര്‍വകലാശാലയില്‍ കുത്തഴിഞ്ഞ ഭരണ സംവിധാനം; സര്‍ക്കാര്‍ കുട്ടികളുടെ ഭാവി വെച്ച് കളിക്കുന്നു, വിമര്‍ശനവുമായി ഗവര്‍ണര്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്ന അവസ്ഥയിലാണുള്ളതെന്നും ഗവര്‍ണര്‍

കേരള സര്‍വകലാശാലയ്ക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാലയില്‍ കുത്തഴിഞ്ഞ ഭരണസംവിധാനമാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കായംകുളത്തെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജരേഖാ വിവാദമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.

വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരാള്‍ക്ക് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയെന്നും ഗവര്‍ണര്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്ന അവസ്ഥയിലാണുള്ളതെന്നും ഗവര്‍ണര്‍ കുറ്റപ്പടുത്തി. ഇവിടെ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തരിപ്പണമാക്കും. കുട്ടികള്‍ വിദ്യാഭ്യാസത്തിനായി പുറം നാടുകളിലേക്ക് പോകുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരാള്‍ക്ക് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇവിടെ ഭയമാണ് എല്ലാ മേഖലകളെയും ഭയക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയും സംഘവും പൊതുജനത്തിന്റെ പണം ധൂര്‍ത്തടിച്ചാണ് ക്യൂബയില്‍ പോയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ക്യൂബയുമായി സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ സഹകരണത്തിന് ശ്രമിക്കുകയാണ്. പുകയില ഉത്പന്നങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ക്യൂബയില്‍ പോയിട്ടെന്ത് പ്രയോജനമെന്നും ഗവര്‍ണര്‍ ചോദിച്ചു. തന്റെ കാലയളവില്‍ സര്‍വകലാശാല ബില്ലുകളില്‍ ഒപ്പിടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in