ഒരെണ്ണത്തില്‍ ഒപ്പിട്ടു; ലോകായുക്ത ബില്ലടക്കം ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട് ഗവര്‍ണര്‍

ഒരെണ്ണത്തില്‍ ഒപ്പിട്ടു; ലോകായുക്ത ബില്ലടക്കം ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട് ഗവര്‍ണര്‍

ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍(രണ്ടെണ്ണം), ചാന്‍സ്‌ലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍, സേര്‍ച്ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍(മില്‍മ) എന്നിവയാണ് രാഷ്ട്രപതിക്ക് വിട്ടത്.

സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷട്രപതിയുടെ പരിഗണനയ്ക്ക് വിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന പരാതിയില്‍ സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ഗവര്‍ണറുടെ നിര്‍ണായക നീക്കം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണര്‍ തിടുക്കപ്പെട്ട് ഏഴു ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.

ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍(രണ്ടെണ്ണം), ചാന്‍സ്‌ലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍, സേര്‍ച്ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍(മില്‍മ) എന്നിവയാണ് രാഷ്ട്രപതിക്ക് വിട്ടത്. അതേസമയം പൊതുജനാരോഗ്യ ബില്ലില്‍ ഗവണര്‍ ഒപ്പുവച്ചു.

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍മാര്‍ കാലതാമസം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, തമിഴ്‌നാട്, പഞ്ചാബ്, കേരളം, തെലങ്കാന എന്നീ സര്‍ക്കാരുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതില്‍ പഞ്ചാബ്, തമിഴ്‌നാട് സര്‍ക്കാരുകളുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഗവര്‍ണര്‍മാര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

പാര്‍ലമെന്ററി സംവിധാനത്തില്‍ യഥാര്‍ഥ അധികാരം ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബില്ലുകളില്‍ തീരുമാനം എടുക്കാത്ത ഗവര്‍ണര്‍മാരുടെ നടപടി ആശങ്കാജനകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

logo
The Fourth
www.thefourthnews.in