നയപ്രഖ്യാപനം ഇന്ന്; സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ ഇടപെടല്‍ സംബന്ധിച്ച് പരാമര്‍ശമുണ്ടാകുമോ?

നയപ്രഖ്യാപനം ഇന്ന്; സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ ഇടപെടല്‍ സംബന്ധിച്ച് പരാമര്‍ശമുണ്ടാകുമോ?

ഇന്നു മുതല്‍ മാര്‍ച്ച് 27 വരെയാണ് ബജറ്റ് സമ്മേളനം. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും

തനിക്കെതിരായ നയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുമോ? ഇന്ന് രാവിലെ ഒമ്പതിന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലേക്കാണ്. ഗവര്‍ണര്‍ക്കു വായിക്കാനായി തയാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ സമീപകാലത്ത് സര്‍ക്കാരിനെ ഏറ്റവുമധികം കടന്നാക്രമിച്ച ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശമുണ്ടാകുമോയെന്നാണ് ജനം ഉറ്റുനോക്കുന്നത്.

എന്നാല്‍ ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം ഒഴിവാക്കി കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുന്ന നയപ്രഖ്യാപന പ്രസംഗമാണ് തയാറാക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാനത്തിന് അര്‍ഹമായ ധനവിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തുറന്നു പോരിലായിരുന്നു. സര്‍വകലാശാലകളിലെ ഇടപെടലിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരേ പരസ്യവിമര്‍ശനമാണ് മുഖ്യമന്ത്രിയടക്കം നടത്തിയത്. ഇടതുവിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ ഗവര്‍ണറെ വഴിതടയുന്ന സമരത്തിലേക്ക് നീങ്ങിയതും ഇതിനെതിരേ നടുറോഡിലിറങ്ങി ഗവര്‍ണര്‍ പ്രതികരിച്ചതും വാര്‍ത്തയായിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകരെ ക്രിമിനലുകളെന്നും സംസ്ഥാനത്തു നടക്കുന്ന ഗുണ്ടാഭരണമാണെന്നും തന്നെ അപായപ്പെടുത്താന്‍ മുഖ്യമന്ത്രി നേരിട്ട് ക്രിമിനല്‍ സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ തിരിച്ചടിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ എത്തൃന്നത്. സര്‍ക്കാര്‍ തയാറാക്കി നല്‍കിയ പ്രസംഗം ഗവര്‍ണര്‍ അതേപടി വായിക്കുമോയെന്ന് കാത്തിരുന്നു കാണണം.

എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അഭിസംബോധന മലയാളത്തില്‍ ആക്കുക മാത്രമാണ് രാജ്ഭവന്‍ ചെയ്തതെന്നും നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അതേപടി വായിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നു മുതല്‍ മാര്‍ച്ച് 27 വരെയാണ് ബജറ്റ് സമ്മേളനം.

ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. എട്ടുബില്ലുകള്‍ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. ഇതില്‍ ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള മൂന്നെണ്ണവും ഉണ്ടാകും. ആകെ 32 ദിവസമാണ് നിയമസഭ സമ്മേളിക്കുക.

logo
The Fourth
www.thefourthnews.in