കോടതി വെറുതെ വിട്ടു, പക്ഷേ അനീതിയെ വെറുതെ വിടാതെ ഗ്രോ വാസുവെന്ന പോരാട്ടത്തിന്റെ ഇടിമുഴക്കം

കോടതി വെറുതെ വിട്ടു, പക്ഷേ അനീതിയെ വെറുതെ വിടാതെ ഗ്രോ വാസുവെന്ന പോരാട്ടത്തിന്റെ ഇടിമുഴക്കം

പ്രതിഷേധം കുറ്റമല്ല, അവകാശമാണെന്നുമുള്ള ഉറച്ച ബോധ്യമാണ് ഗ്രോ വാസുവിനെ നയിച്ചത്. കേസിന്റെ അവസാനം വരെയും ആ നിലപാടിൽനിന്ന് വാസു ഒരിഞ്ച് പിന്നോട്ടുപോയില്ല

വെറുതെ വിട്ടുവെന്നാണ് അയിനൂർ വാസുവെന്ന ഗ്രോ വാസുവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോഴിക്കോട് കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. എന്നാൽ അങ്ങനെയങ്ങ് 'വെറുതെ വിടുക'യായിരുന്നോ? തീർച്ചയായും അല്ലെന്ന് തന്നെയാണ് ഉത്തരം. നീതിനിഷേധത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന ഉറച്ചനിലപാടിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടുപോകാതെയാണ് വാസു എന്ന തൊണ്ണൂറ്റിനാലുകാരൻ തന്റെ ശബ്ദം എത്രമാത്രം ഉറച്ചതും ശരിയായിരുന്നതുമായിരുന്നുവെന്ന് പൊതുസമൂഹത്തെയെന്നപോലെ കോടതിയെക്കൊണ്ടും അംഗീകരിപ്പിച്ചെടുത്തിരിക്കുന്നത്.

ഒന്നര മാസത്തെ ജയിൽ വാസത്തിനുശേഷമാണ് വാസുവേട്ടനെന്ന് ചുറ്റുമുള്ളർ വിളിക്കുന്ന എ വാസുവിനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. കോടതി വിധിക്കുപിന്നാലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. അതിങ്ങനെയാണ്: "ഗ്രോ വാസു കോടതിയെ വെറുതെ വിട്ടു."

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കുന്നമംഗലം കോടതിയിൽ നടന്ന വിചാരണ ശ്രദ്ധിച്ചവർക്ക് ഈ പോസ്റ്റിന്റെ ഉള്ളടക്കം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് എളുപ്പം മനസ്സിലാകും. അത്രത്തോളം സംഭവബഹുലമായ രംഗങ്ങൾക്കായിരുന്നു കുന്നമംഗലം കോടതി സാക്ഷ്യം വഹിച്ചത്. കോടതിയിൽ മുദ്രാവാക്യം വിളിക്കുന്നത് ഒഴിവാക്കാൻ കോടതിയും പോലീസും പല പണികൾ ശ്രമിച്ചുനോക്കി. അതൊക്കെയും വാസുവെന്ന വന്ദ്യവയോധികനായ മനുഷ്യാവകാശപ്പോരാളിയുടെ മുന്നിൽ തോറ്റിട്ടേയുള്ളൂ. ഒടുവിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയാൽ മതിയെന്ന തീരുമാനത്തിലേക്ക് കോടതിക്ക് എത്തേണ്ടി വന്നു.

2016 നവംബറിൽ മലപ്പുറം നിലമ്പൂരിലെ കരുളായി വനത്തിൽ മാവോയിസ്റ്റ് നേതാക്കളായ കൂപ്പു ദേവരാജിനെയും അജിതയെയും കേരളാ പോലീസ് വെടിവച്ചുകൊന്നതിനെതിരെ പ്രതിഷേധിച്ചതായിരുന്നു വാസുവിനെതിരായ കുറ്റം. ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ കൊണ്ടുവന്ന കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിലായിരുന്നു പ്രതിഷേധം. മെഡിക്കൽ കോളജ് പരിസരത്ത് സംഘടിച്ച് ഗതാഗതം തടസ്സമുണ്ടാക്കിയെന്നായിരുന്നു വാസുവിനെ ഒന്നാം പ്രതിയാക്കിയുള്ള കേസ്.

ലോങ് പെൻഡിങ് കേസായി വാറന്റ് നിലനിന്നിരുന്നതിനെത്തുടർന്ന് ജൂലൈ 29ന് വാസുവിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് വേണമെങ്കിൽ അന്നു തന്നെ സ്റ്റേഷനിൽനിന്ന് ജാമ്യമെടുത്തോ പിഴയടച്ചോ ഈ പ്രായമായ കാലത്ത് നടപടകളിൽനിന്ന് ഒഴിവാകാമായിരുന്നു. അതിന് തയാറാകാതെ ജാമ്യം വേണ്ടെന്നും കേസ് റദ്ദാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കോടതിയിൽ ഉറച്ചനിലപാടെടുത്തു.

പിഴയടച്ച് ജാമ്യമെടുത്ത് പൊയ്ക്കൊള്ളാൻ ജഡ്ജി ആവശ്യപ്പെട്ടെങ്കിലും തെറ്റൊന്നും ചെയ്യാത്ത താനെന്തിന് പിഴയടക്കണം എന്നായിരുന്നു വാസുവിന്റെ മറുചോദ്യം. ജാമ്യമെടുക്കാൻ നിർബന്ധിച്ച് അനുരഞ്ജന ശ്രമങ്ങൾ പലതലത്തിൽ നടന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെ കുടുങ്ങിയത് പോലീസ് മാത്രമല്ല, കോടതിയുമായിരുന്നു. മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറിക്കെതിരായ പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മോയിൻ ബാപ്പുവരെ വന്ന് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.

കുറ്റം ചെയ്തവർക്കാണ് ജാമ്യമെന്നും പ്രതിഷേധം കുറ്റമല്ല, അവകാശമാണെന്നുമുള്ള ഉറച്ച ബോധ്യമാണ് അദ്ദേഹത്തെ നയിച്ചത്. കേസിന്റെ അവസാനം വരെയും ആ നിലപാടിൽനിന്ന് വാസു ഒരിഞ്ച് പിന്നോട്ടുപോയില്ല. ഇവിടെയൊക്കെയും സമീപകാലത്ത് നീതിപീഠവും സമൂഹവും സാക്ഷ്യം വഹിക്കാത്തത്ര നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. നാടകീയത എന്നതിലുപരി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ശരിയെന്ന് ഉത്തമ ബോധ്യമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു അവയൊക്കെയും.

ഇന്നല്ലെങ്കിൽ നാളെ തന്റെ പോരാട്ടം സമൂഹത്തിന് ഗുണകരമാകും എന്ന ദീർഘദൃഷ്ടിയോടെയാണ് വാസു ജയിലേക്ക് പോയത്. അനീതിക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് താൻ ഈ വയസ്സുകാലത്ത് ജയിലേക്ക് പോകുന്നതെന്നും ജനങ്ങളുടെ പ്രതികരണശേഷി കുറയുന്നതാണ് പ്രശ്നമെന്നും കേസിന്റെ പല ഘട്ടങ്ങളിലായി അദ്ദേഹം ആവർത്തിച്ചു. ആ നിലപാട് 46 ദിവസം കഴിഞ്ഞ് ജയിൽനിന്ന് പുറത്തിറങ്ങിയപ്പോഴും ശക്തമായി തന്നെ തുടരുന്നു.'' തമസ്കരണത്തിനെതിരെ ഒരു പ്രകാശ രശ്മിയെങ്കിലും പ്രകടിപ്പിക്കാനാണ് വയസുകാലത്ത് ഞാൻ ഇത്രയും കാലം ജയിലിൽ കഴിഞ്ഞത്,'' എന്നാണ് ഇന്ന് ജയിൽമോചിതനായശേഷം എ വാസു മാധ്യമങ്ങളോട് പറഞ്ഞത്.

കോടതി വെറുതെ വിട്ടു, പക്ഷേ അനീതിയെ വെറുതെ വിടാതെ ഗ്രോ വാസുവെന്ന പോരാട്ടത്തിന്റെ ഇടിമുഴക്കം
നീതിക്കായി ജാമ്യം വേണ്ടെന്ന് പറഞ്ഞ പോരാളി

''അനീതിക്കെതിരായ പോരാട്ടമായിരുന്നു എന്റെ ജയില്‍വാസം. വ്യാജ ഏറ്റുമുട്ടലിൽ എട്ട് മനുഷ്യരെ കാട്ടുമുയലിനെ കൊല്ലുന്നത് പോലെയാണ് പിണറായി സർക്കാർ വെടിവച്ചിട്ടത്. വിപ്ലവത്തെക്കുറിച്ച് നിരന്തരം പറയുന്ന, ചെ ഗുവേരയുടെ കൊടി ഉയർത്തിപ്പിടിച്ചുനടക്കുന്ന മാർക്സിസ്റ്റ് ഗവൺമെന്റാണ് അത് ചെയ്തത്. കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം. വെറും 300 കോടിക്ക് വേണ്ടിയാണ് അവർ എട്ട് കൊലപാതകങ്ങൾ നടത്തിയത്. കൊല്ലാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ അരയ്ക്ക് താഴെ വെടി വയ്ക്കാമായിരുന്നല്ലോ. പക്ഷേ, അവർ നെഞ്ചിൽ തന്നെ വെടി ഉതിർത്തു. എന്നിട്ട് ഏഴ് കൊല്ലം ആ സംഭവത്തെ തമസ്കരിക്കാൻ അവർക്ക് കഴിഞ്ഞു. അതിനുള്ള ശക്തി അവർക്കുണ്ട്. ആ തമസ്കരണത്തിനെതിരെ ഒരു പ്രകാശ രശ്മിയെങ്കിലും പ്രകടിപ്പിക്കാനാണ് വയസുകാലത്ത് ഞാൻ ഇത്രയും കാലം ജയിലിൽ കഴിഞ്ഞത്. എന്നിട്ട് കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞ് അവർ ഈ നാട്ടിലൂടെ നടക്കുകയാണ്. കേരളത്തിലെ ജനത പ്രതികരണ ശേഷിയില്ലാത്തവരായി മാറരുത്. ഇനിയെങ്കിലും അവർ ഉണരണം,'' അദ്ദേഹം പറഞ്ഞു.

കോടതി വെറുതെ വിട്ടു, പക്ഷേ അനീതിയെ വെറുതെ വിടാതെ ഗ്രോ വാസുവെന്ന പോരാട്ടത്തിന്റെ ഇടിമുഴക്കം
ഗ്രോ വാസു കോടതിയിൽ ഇനിയും മുദ്രാവാക്യം വിളിച്ചാൽ നടപടി; പോലീസിന് ജഡ്ജിയുടെ താക്കീത്

ഒരു പൗരൻ തന്റെ ജനാധിപത്യാവകാശം വിനിയോഗിക്കുമ്പോൾ ഭരണഘടനയുടെ സംരക്ഷകരായ നീതിപീഠങ്ങൾക്ക് അയാളെ എങ്ങനെ ശിക്ഷിക്കാനാകും? കുറ്റവിമുക്തനാക്കപ്പെട്ട് ഗ്രോ വാസു ജയിലിൽനിന്ന് പുറത്തേക്ക് പോകുമ്പോഴും അദ്ദേഹം കോടതി മുറിയിൽ ഉയർത്തിയ ചോദ്യങ്ങൾ രാഷ്ട്രീയ, സാംസ്‌കാരിക പ്രബുദ്ധ കേരളത്തിനുമുന്നിൽ ഒരുപാട് മാനങ്ങളുള്ള ചോദ്യമായി എന്നും ഉയർന്നുനിൽക്കും.

logo
The Fourth
www.thefourthnews.in