പ്രിയാ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമല്ലെന്ന് ഹൈക്കോടതി

നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണം, പ്രിയയെ നിയമിച്ച സെലക്ഷന്‍ കമ്മിറിക്ക് തെറ്റ് പറ്റിയെന്നും അക്കാദമിക്ക് സ്‌കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ചത് ചൂണ്ടിക്കാട്ടി കോടതി
പ്രിയാ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമല്ലെന്ന് ഹൈക്കോടതി

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി. പ്രിയ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ല. പിഎച്ച്ഡി കാലയളവിനെ അധ്യാപന പരിചയമായി കണക്കാകാനാവില്ല. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മതിയായ കാലം പ്രവര്‍ത്തിച്ചില്ലെന്നും കോടതി വിലയിരുത്തി.

ഹര്‍ജി നിലനില്‍ക്കില്ലെന്ന് പറഞ്ഞത് പ്രിയാ വര്‍ഗീസ് മാത്രം

ഹര്‍ജി നിലനില്‍ക്കില്ലെന്ന് പറഞ്ഞത് പ്രിയാ വര്‍ഗീസ് മാത്രമാണ്. സര്‍വകലാശാല പോലും പറഞ്ഞിട്ടില്ല. അസോ. പ്രൊഫസര്‍ തസ്തികയില്‍ പ്രവര്‍ത്തിപരിചയം അനിവാര്യമാണ്. സര്‍വകലാശാലയും കോളേജുകളും യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണം. സര്‍ക്കാര്‍ പക്ഷം പിടിക്കരുത് എന്നും യുജിസി ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കുന്നു. നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി അക്കാദമിക്ക് സ്‌കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ചത് ചൂണ്ടിക്കാട്ടി പ്രതികരിച്ചു.

അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവര്‍

അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണ് എന്ന ഡോ. രാധാക്യഷ്ണന്റെ വാചകം ഉദ്ധരിച്ച് കൊണ്ടായിരുന്നു കോടതി വിധി പ്രസ്താവന ആരംഭിച്ചത്. വിദ്യാഭ്യാസം ജീവിതം തന്നെയാണ്, വിദ്യാഭ്യാസം മനുഷ്യന്റെ ആത്മാവാണ്, വിദ്യാര്‍ഥികള്‍ക്ക് വഴി കാട്ടി ആകേണ്ടവരാണ് അധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണ്

സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയ കോടതി കോടതി പരാമര്‍ശത്തെ കക്ഷി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും കഴിഞ്ഞ ദിവസത്തെ പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചു. എന്‍എസ്എസിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടില്ല. കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ മാത്രം നില്‍ക്കണം. കോടതി എതിരാണെന്ന് ഹരജിക്കാര്‍ക്കും കക്ഷികള്‍ക്കും തോന്നുന്നു. ഇത്തരം സമീപനങ്ങള്‍ ശുഭകരമായി തോന്നുന്നില്ല. എന്‍എസ്എസ് പ്രവര്‍ത്തന കാലയളവിലെ സേവനം പ്രവൃത്തിപരിചയമായി കാണാനാകില്ലെന്നാണ് ഉദ്ദേശിച്ചത്. താനും എന്‍എസ്എസിന്റെ ഭാഗമായിരുന്നു എന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പ്രതികരിച്ചു. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരം അനുഭവങ്ങള്‍ ഉണ്ടായെന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചു. കോടതിയുടെ പരാമര്‍ശം പ്രിയക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് പ്രിയയുടെ അഭിഭാഷകന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പോലുമുള്ള യോഗ്യത പ്രിയാ വർഗീസിനില്ലെന്നായിരുന്നു വാദം. പ്രിയയ്ക്ക് മിനിമം യോഗ്യതയായ എട്ടു വർഷത്തെ അധ്യാപന പരിചയമില്ല. 2018ലെ യുജിസി വ്യവസ്ഥകളനുസരിച്ച് റിസർച്ച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിച്ചിട്ടില്ല. ഇതൊന്നും പരിഗണിക്കാതെയാണ് വിസി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി തന്നേക്കാൾ മാർക്ക് പ്രിയക്ക് നൽകിയതെന്നായിരുന്നു ജോസഫ് സ്കറിയയുടെ നിലപാട്.

കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമന റാങ്ക് പട്ടികയിൽ നിന്ന് ഒന്നാം പേരുകാരി പ്രിയാ വർഗീസിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഹൈക്കോടതിയെ സമീപിച്ചത്. റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നുള്‍പ്പെടെ ആവശ്യപ്പെട്ട് പട്ടികയിൽ രണ്ടാംറാങ്കുകാരനായ ചങ്ങനാശേരി എസ് ബി കോളേജിലെ മലയാളം അധ്യാപകൻ ജോസഫ് സ്കറിയയാണ് കണ്ണൂർ സർവകലാശാല വിസി, പ്രിയാ വർഗീസ് തുടങ്ങിയവരെ എതിർ കക്ഷികളാക്കി ഹര്‍ജി നൽകിയത്.

പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസി കോടതിയില്‍ സ്വീകരിച്ച നിലപാട്. ഹാജർ നില , ഗവേഷണ കാലയളവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് യുജിസി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് വാദിച്ചത്.

ഫെലോഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി പിഎച്ച്ഡി ചെയ്ത കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാനാവില്ല

പിഎച്ച്ഡി ഗവേഷണ കാലം ഫെല്ലോഷിപ്പോടെയാണ്. ഇത് ഡെപ്യൂട്ടേഷൻ കാലഘട്ടമാണ്. സമയത്ത് അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ട്. ഫെലോഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി പിഎച്ച്ഡി ചെയ്ത കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാനാവില്ലന്ന് യുജിസി വ്യക്തമാക്കിയതായി കോടതി.

സ്റ്റുഡന്റ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല. എന്‍എസ്എസ് കോര്‍ഡിനേറ്ററായുള്ള കാലയളവ് അധ്യാപനമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in