നജീബ് കാന്തപുരത്തിന് തിരിച്ചടി; പോസ്റ്റല്‍ വോട്ടുകള്‍ മാറ്റിവെച്ചതിനെതിരായ ഹര്‍ജി നിലനില്‍ക്കും

നജീബ് കാന്തപുരത്തിന് തിരിച്ചടി; പോസ്റ്റല്‍ വോട്ടുകള്‍ മാറ്റിവെച്ചതിനെതിരായ ഹര്‍ജി നിലനില്‍ക്കും

ഇടത് സ്ഥാനാർഥി കെ പി മുഹമ്മദ് മുസ്‌തഫ നൽകിയ തിരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന നജീബ് കാന്തപുരത്തിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന് തിരിച്ചടി. ഇടത് മുന്നണി സ്ഥാനാർഥി കെ പി മുഹമ്മദ് മുസ്‌തഫ നൽകിയ തിരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന നജീബ് കാന്തപുരത്തിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. എതിര്‍ സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എംഎല്‍എയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ബദറൂദ്ദീന്‍ നിരീക്ഷിച്ചു. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിൽ വരണാധികാരിയുടെ വീഴ്‌ച ചൂണ്ടിക്കാട്ടിയായിരുന്നു എതിർ സ്ഥാനാർഥി കെ പി മുഹമ്മദ് മുസ്തഫ കോടതിയെ സമീപിച്ചത്.

വോട്ടെണ്ണലിനിടെ, 348 പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരി നിരസിച്ചുവെന്ന് മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തായിരുന്ന കെ പി മുഹമ്മദ് മുസ്തഫ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്ക് അനുകൂലമായിരുന്നവയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്നാണ് കെ പി മുഹമ്മദ് മുസ്തഫ ആവശ്യപ്പെടുന്നത്.

വോട്ടെണ്ണലില്‍ സ്ഥാനാര്‍ഥിക്ക് പങ്കില്ലെങ്കിലും ബാലറ്റ് പേപ്പറുകള്‍ നിരസിച്ചത് മെറിറ്റ് അടിസ്ഥാനത്തിലാണോ എന്ന് പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.ലീഗിന് പതിനായിരത്തിലധികം ഭൂരിപക്ഷമുണ്ടാകാറുള്ള പെരിന്തല്‍മണ്ണയില്‍ വെറും 38 വോട്ടിനാണ് ഇടത് തരംഗത്തിനിടെ നജീബ് കാന്തപുരം വിജയിച്ചത്.

80 വയസ് കഴിഞ്ഞവരുടെ പോസ്റ്റല്‍ വോട്ടുകളില്‍ 348 എണ്ണം ക്രമനമ്പര്‍, ഒപ്പ് എന്നിവ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരി മാറ്റിവെച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി കുറഞ്ഞവോട്ടുകള്‍ക്ക് വിജയം ഉറപ്പിച്ചതോടെ മാറ്റിവെച്ച തപാല്‍വോട്ടുകള്‍ എണ്ണണമെന്ന് ഇടത് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടു. പക്ഷെ ആവശ്യം വരണാധികാരി നിരസിച്ചു. ഇതിന്‌റെ അടിസ്ഥാനത്തിലാണ് കെ പി മുഹമ്മദ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in