'കുഞ്ഞുങ്ങളുടെ ജീവൻ വച്ച് വ്യാജ വാർത്ത ചമയ്ക്കരുത്'; ഹൃദ്യം പദ്ധതിയ്ക്കെതിരായ വാർത്തകൾ വ്യാജമെന്ന് ആരോഗ്യമന്ത്രി

'കുഞ്ഞുങ്ങളുടെ ജീവൻ വച്ച് വ്യാജ വാർത്ത ചമയ്ക്കരുത്'; ഹൃദ്യം പദ്ധതിയ്ക്കെതിരായ വാർത്തകൾ വ്യാജമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ എട്ടോ ഒന്‍പതോ പേര്‍ ജന്മനാ ഹൃദയവൈകല്യങ്ങള്‍ ഉള്ളവരാണെന്നും ഇവരെ സമയബന്ധിതമായി ശസ്ത്രകിയയ്ക്ക് വിധേയമാക്കിയില്ലെങ്കിൽ മരണത്തിലേക്ക് വഴുതി വീഴാമെന്നും മന്ത്രി

ഹൃദ്യം പദ്ധതിയ്ക്കെതിരായ വാർത്തകൾ വ്യാജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുരുന്നുജീവനും പിഞ്ചു ഹൃദയവും വച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുത്. ഇപ്പോൾ നടക്കുന്നത് മീഡിയ ആക്ടിവിസമല്ല, മീഡിയ വാന്‍ഡലിസമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

"വ്യാജ വാര്‍ത്തകള്‍ നല്‍കി ദുര്‍ബലമായ കുഞ്ഞുഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ട. ഒരു ദുഷ്ട മനസ്സിനെയും അതിന് അനുവദിക്കില്ല. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ വച്ച് വ്യാജ വാര്‍ത്ത നല്‍കിയാല്‍ പേടിച്ചോടുമെന്നും കരുതേണ്ട. കൂടുതല്‍ ആര്‍ദ്രതയോടെ കരുത്തോടെ ആ കുരുന്നു ജീവനുകള്‍ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. ആ കുരുന്നുനാളങ്ങള്‍ അണയാതെ കഴിയുന്നത്ര സംരക്ഷിക്കും," വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാനത്ത് ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ എട്ടോ ഒന്‍പതോ പേര്‍ ജന്മനാ ഹൃദയ വൈകല്യങ്ങള്‍ ഉള്ളവരാണെന്നും ഇവരെ സമയബന്ധിതമായി ശസ്ത്രകിയയ്ക്ക് വിധേയമാക്കിയില്ലെങ്കിൽ മരണത്തിലേക്ക് വഴുതി വീഴാമെന്നും മന്ത്രി കുറിപ്പിൽ പറയുന്നു.

'ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6107 കുഞ്ഞുങ്ങള്‍ക്ക് കാര്‍ഡിയാക് പ്രൊസീജിയര്‍ നടത്തിയിട്ടുണ്ട്. ഇതുവരെ ചെലവായ തുക 57,11,75,161 രൂപ (57 കോടി പതിനൊന്ന് ലക്ഷത്തി എഴുപത്തയ്യായിരത്തി ഒരുന്നൂറ്റി അറുപത്തിയൊന്ന് രൂപ). ആറായിത്തിലധികം കുഞ്ഞുങ്ങളുടെ ഹൃദ്രോഗം ചികിത്സിക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും ഹൃദ്യത്തിലൂടെ ആകെ ചെലവാക്കിയതാണ് ഈ തുക'. കുറിപ്പ് വ്യക്തമാക്കുന്നു.

ഏറെ ചെലവുളള പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജറിക്ക് ആവശ്യമായ എല്ലാ ചികിത്സകളുടെയും തുകകള്‍ നിശ്ചയിച്ചാണ് ഹൃദ്യം പാക്കേജ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഏറ്റവും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് പദ്ധതി വഴി നൽകി വരുന്നത് ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. എന്നാൽ ശസ്ത്രക്രിയയുടെ യഥാർഥ ചെലവ് മൂന്നുലക്ഷം രൂപയാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുഞ്ഞുങ്ങൾക്ക് കണ്ടെത്തിയാൽ ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും ഏത് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ ചെയ്യണമെന്നത് മാതാപിതാക്കൾക്ക് തിരഞ്ഞെടുക്കാവുന്നതുമാണ്.

സർക്കാരിന്റെ എംപാനൽ ചെയ്ത ആശുപത്രികൾ വഴിയാണ് സർജറികൾ നടത്തി വരുന്നത്. കോട്ടയം മെഡിക്കൽ കോളേജ്, തിരുവന്തപുരം മെഡിക്കല്‍ കോളേജ്, എസ്എടി, ശ്രീചിത്ര അടക്കമുളള ആശുപത്രികളാണ് മുൻ നിരയിലുളളത്. ഏറ്റവും അധികം കാര്‍ഡിയാക് ഇന്റര്‍വെന്‍ഷന്‍ നടത്തുന്ന രാജ്യത്തെ ആദ്യത്തെ അഞ്ച് ആശുപത്രികളിലൊന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഈ മെഡിക്കൽ കോളേജുകൾക്ക് പുറമെ കോഴിക്കോട് മെഡിക്കല്‍ കോളേജിനേയും ഹൃദ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in