പാലക്കാടിന് പിന്നാലെ തൃശൂരിലും ഉഷ്ണതരംഗം; ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്

പാലക്കാടിന് പിന്നാലെ തൃശൂരിലും ഉഷ്ണതരംഗം; ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്

കൊല്ലത്തും തൃശൂരും അടുത്ത നാലു ദിവസം 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്

സംസ്ഥാനത്ത് താപനില വീണ്ടും ഉയരുന്നു. പാലക്കാടിനു പിന്നാലെ തൃശൂരും ഇന്ന് ഉഷ്ണതരംഗം സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളാനിക്കരയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും 40 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഇതോടെ കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

നേരത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത നാലു ദിവസം ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിപ്പില്‍ പറയുന്നു. ഇതോടെ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മേയ് രണ്ട് വരെ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര ഉത്തരവിട്ടിരുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍, സമ്മര്‍ ക്യാമ്പുകള്‍ എന്നിവയ്ക്കും വിലക്കുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില ക്രമംതെറ്റി ഉയരുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലത്തും തൃശൂരും അടുത്ത നാലു ദിവസം 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വയ്രെും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയരും. സംസ്ഥാനത്തൊട്ടാകെ സാധാരണ നിലയെക്കാള്‍ മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.

താപനില ക്രമാതീതമായി ഉയരുകയും ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമീകരണം മേയ് 15 വരെ നീട്ടി. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

logo
The Fourth
www.thefourthnews.in