കാലവര്‍ഷം കനക്കുന്നു; വരുംദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

കാലവര്‍ഷം കനക്കുന്നു; വരുംദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

വിവിധ ദിവസങ്ങളില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് ഉടനീളം വ്യാപകമായ മഴ ലഭിച്ചു. വരുംദിവസങ്ങളില്‍ മഴ കനക്കാനുള്ള സാധ്യത പരിഗണിച്ച് വിവിധ ജില്ലകളില്‍ ജാഗ്രതനിര്‍ദേശം നല്‍കി. ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.

ജൂണ്‍ 21 മുതല്‍ കേരള തീരത്ത് പടിഞ്ഞാറന്‍ / തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത. ഇതിന്റെ ഫലമായി, ജൂണ്‍ 23 -ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമായ മഴയ്ക്കും, ജൂണ്‍ 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, ജൂണ്‍ 19 മുതല്‍ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ദിവസങ്ങളില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട്

21-06-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍

22-06-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

23-06-2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

മഞ്ഞ അലര്‍ട്ട്

19-06-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്

20-06-2024: തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്

21-06-2024: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട്

22-06-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

23-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍

20ാം തീയതി മുതല്‍ 23വരെ കേരള - കര്‍ണ്ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ ദിവസങ്ങളില്‍ കേരള - കര്‍ണ്ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

തമിഴ്നാട് തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോടുചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോടുചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോടുചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in