ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടു; മലയോര മേഖലകളില്‍ മഴ ശക്തമായേക്കും, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടു; മലയോര മേഖലകളില്‍ മഴ ശക്തമായേക്കും, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വേഗതയിലും ചിലപ്പോള്‍ 65 കിലോ മീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അധികൃതരുടെ നിര്‍ദേശാനുസരണം അപകട മേഖലകളില്‍ താമസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.

ന്യൂനമര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ വടക്കന്‍ കേരളത്തില്‍ മഴ തുടരാനാണ് സാധ്യത. മലയോര മേഖലകളിലും മഴയുടെ ശക്തി കൂടിയേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്നും നിര്‍ദേശമുണ്ട്.

8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ടുള്ളത്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 9 ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in