ശക്തമായ മഴ, കേരളതീരത്ത്  പടിഞ്ഞാറന്‍ കാറ്റ്; കാലവര്‍ഷം നാളെയെത്തും
ഫോട്ടോ: അജയ് മധു

ശക്തമായ മഴ, കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റ്; കാലവര്‍ഷം നാളെയെത്തും

ഇന്ന് അതി ശക്തമായ മഴയ്ക്കും മെയ് 29 മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
Published on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ ശക്തായതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളാതീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ്, എന്നിവയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് അതി ശക്തമായ മഴയ്ക്കും മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴ, കേരളതീരത്ത്  പടിഞ്ഞാറന്‍ കാറ്റ്; കാലവര്‍ഷം നാളെയെത്തും
കാറിൽ സ്വിമ്മിങ് പൂൾ, 'അമ്പാൻ' സ്റ്റൈലിൽ റോഡില്‍ കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി ആർടിഒ

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, റോഡ് സേഫ്റ്റി അതോറിറ്റി, വിനോദ സഞ്ചാര വകുപ്പ് എന്നിവയ്ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

വിനോദ സഞ്ചാരികളിലേക്കും സുരക്ഷ മുന്നറിയിപ്പുകള്‍ എത്തി എന്നുറപ്പാക്കേണ്ടതും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിണം. നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണുന്ന തരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. അടിയന്തരമായി ഒരു പരിശോധന നടത്തി സുരക്ഷ ബോര്‍ഡുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ അവ സ്ഥാപിക്കേണ്ടതാണ്. റോഡുകളില്‍ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളില്‍ അടിയന്തരമായി അപകട സാധ്യത ലഘുകരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണം.

ശക്തമായ മഴ, കേരളതീരത്ത്  പടിഞ്ഞാറന്‍ കാറ്റ്; കാലവര്‍ഷം നാളെയെത്തും
പെയ്തിറങ്ങി ദുരിതപ്പെരുമഴ; ഇടമറുകില്‍ ഉരുള്‍പൊട്ടല്‍, കോട്ടയത്തും എറണാകുളത്തും സ്ഥിതി രൂക്ഷം

ജില്ലാ കണ്‍ട്രോൾ റൂമുകളില്‍ റോഡ് സേഫ്റ്റി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. റോഡിലെ അപകട സാധ്യതകള്‍ അധികൃതരെ അറിയിക്കാന്‍ ആവശ്യമായ കണ്‍ട്രോൾ റൂം നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തണം. കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള പരസ്യബോര്‍ഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. അപകട സാധ്യതയുള്ള മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ മുറിച്ചു മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏതെങ്കിലും സഞ്ചാരികള്‍ അപകടത്തില്‍ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താല്‍ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകള്‍ വ്യാപകമായി ടൂറിസ്റ്റുകള്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തുക. പോലീസ്, ദുരന്ത നിവാരണം, അഗ്‌നിശമന രക്ഷാ സേന എന്നിവയുടെ കണ്ട്രോള്‍ റൂമുകളിലേക്കും നിയന്ത്രണങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭ്യമാക്കണം എന്നും നിര്‍ദേശം വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in