സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ച് ദിവസം കൂടി മഴ തുടരും

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ച് ദിവസം കൂടി മഴ തുടരും

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വൈകുന്നേരവും രാത്രിയുമായി മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ തുടങ്ങി ഏഴ് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളിലെല്ലാം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അടിയന്തര സാഹചര്യം നേരിടുന്നതിനായി എന്‍ഡിആര്‍എഫിന്റെ ഏഴ് സംഘങ്ങളാണ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ തുറന്നു. 10 സെന്റി മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഭാരതപ്പുഴ, മുക്കൈ പുഴ, കല്‍പ്പാത്തി പുഴ എന്നിവയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഒരു വര്‍ഷത്തില്‍ മൂന്ന് തവണ മലമ്പുഴ ഡാം തുറക്കുന്നത് ഇതാദ്യമാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബിയുടെ പത്ത് അണക്കെട്ടുകളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

logo
The Fourth
www.thefourthnews.in