അഞ്ച് ദിവസം കൂടി മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഞ്ച് ദിവസം കൂടി മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് - കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തിപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലർട്ട്.

കേരളാ തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്.

മലയോര മേഖലകളില്‍ മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘ വിസ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം.

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. കിഴക്കന്‍ വനമേഖലയില്‍ ഇന്നലെ ശക്തമായ ഉരുള്‍പ്പൊട്ടലുണ്ടായി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ വീണ്ടും തുറന്നു.

കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍ ഡാം തുറന്നതിനാല്‍ പമ്പയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ നിരോധിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in