മൂന്നറില്‍ ചരിഞ്ഞ ആനക്കുട്ടികളിലൊന്ന്
മൂന്നറില്‍ ചരിഞ്ഞ ആനക്കുട്ടികളിലൊന്ന്

മൂന്നാറില്‍ ആനകളില്‍ ഹെര്‍ഫീസ് രോഗബാധ; 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് കുട്ടിയാനകള്‍

ചരിഞ്ഞ ആനകളില്‍ ഒന്നിന് ഹെര്‍ഫീസ് രോഗം സ്ഥിരീകരിച്ചു; മറ്റുള്ളവയ്ക്കും സമാന ലക്ഷണങ്ങള്‍

മൂന്നാറില്‍ ആനകളില്‍ ഹെര്‍ഫീസ് രോഗം പടരുന്നതായി സംശയം. കഴിഞ്ഞ പത്തു ദിവസത്തിനിടെ മൂന്ന് കുട്ടിയാനകള്‍ ചരിഞ്ഞു. ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരാനയ്ക്ക് ഹെര്‍ഫീസ് രോഗബാധ സ്ഥിരീകരിച്ചു. ചരിഞ്ഞ മറ്റ് കുട്ടിയാനകളും ഇതേ രോഗലക്ഷണം തന്നെയാണ് കാണിച്ചത്. ഇവയുടെ പരിശോധനാഫലം ലഭ്യമാകുന്നതോടെ രോഗബാധയുടെ ആഴം വ്യക്തമാകും.

ദേവികുളം റേഞ്ചില്‍പ്പെട്ട കുണ്ടള മേഖലയില്‍ ഒരാഴ്ച മുമ്പാണ് കുട്ടിയാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനക്കൂട്ടത്തോടൊപ്പം എത്തിയ മൂന്ന് കുട്ടിയാനകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചരിഞ്ഞതോടെ ഒരു സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്കായി അധികൃതര്‍ അയച്ചു. ഹെര്‍ഫീസ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് മറ്റ് രണ്ടെണ്ണത്തിന്റേയും സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനാ ഫലം ലഭിക്കുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വ്യക്തമാക്കി.

സാധാരണയായി 18 മാസത്തിനും മൂന്നു വയസിനും ഇടയില്‍ പ്രായമുളള ആനകളിലാണ് ഹെര്‍ഫീസ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. വായില്‍ മുറിവുകളും അലസതയും അസ്വസ്ഥത കാണിക്കുന്നതുമൊക്ക രോഗബാധയുടെ ലക്ഷണമാണ്.

1990-ല്‍ വാഷിംഗ്ടണ്‍ ഡിസിയിലെ മൃഗശാലയിലാണ് ആനകളില്‍ ഈ വൈറസ് രോഗബാധ ആദ്യം കണ്ടെത്തിയത്. ചരിഞ്ഞ ആനകളുടെ ഹൃദയം, കരള്‍, നാവ് എന്നിവയുടെ പരിശോധനയിലൂടെയാണ് വൈറസ് ബാധ തിരിച്ചറിയാനാകുക. കാട്ടാനക്കൂട്ടങ്ങളില്‍ രോഗം പടരുന്നതായി നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ഹെര്‍ഫീസ് രോഗം

തൊലിയിലും ശ്വസന വ്യവസ്ഥയിലുമാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുക . തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് രോഗലക്ഷണം. ഗുരുതരമായാല്‍ 24 മണിക്കൂറിനുള്ളില്‍ വരെ മരണം സംഭവിക്കാന്‍ ശേഷിയുള്ളതാണ് വൈറസുണ്ടാക്കുന്ന ഈ മാരകമായ രോഗം.

ആന്റിവൈറല്‍ മരുന്നുകളുടെ ദ്രുതഗതിയിലുള്ള പ്രയോഗത്തിലൂടെ രോഗത്തെ ചികിത്സിക്കാന്‍ കഴിയും. എന്നാല്‍ ഇത് ഏകദേശം മൂന്നിലൊന്ന് കേസുകളില്‍ മാത്രമേ ഫലപ്രദമാകൂ. രോഗം മാരകമായാല്‍ 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും.

തൊലിയുടെ എന്‍ഡോതെലിയല്‍ കോശങ്ങളെയാണ് പ്രധാനമായും വൈറസ് ആക്രമിക്കുന്നത്, ഇതിനോടൊപ്പം തൊലിയുടെ കാപ്പിലറികളില്‍ വിണ്ടുകീറലും രക്തസ്രാവവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തില്‍ എത്തിയാല്‍, രക്തസ്രാവം വഴി സ്ട്രോക്ക് മൂലം വേഗത്തില്‍ മരണം സംഭവിക്കുന്നു. ആലസ്യം, ഭക്ഷണം കഴിക്കാതിരിക്കല്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ്, രക്തകോശങ്ങളുടെ എണ്ണം കുറയുക, നാവിലെ സയനോസിസ്, വായിലെ അള്‍സര്‍, തലയുടെയും തുമ്പിക്കൈയുടെയും നീര്‍വീക്കം എന്നിവയും ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

logo
The Fourth
www.thefourthnews.in