അവയവദാനം: ആസ്റ്റർ മെഡിസിറ്റിക്കെതിരായ കേസുകളിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കി

അവയവദാനം: ആസ്റ്റർ മെഡിസിറ്റിക്കെതിരായ കേസുകളിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കി

ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്

അവയവദാനവുമായി ബന്ധപ്പെട്ട് കൊച്ചി ആസ്റ്റർ മെഡിസിറ്റിക്കെതിരെയുള്ള കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ സമൻസിനെതിരെ ആശുപത്രിയും ആസ്റ്ററിലെ ഡോക്ടർമാരും നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. 2019ൽ ആസ്റ്റർ മെ‍ഡിസിറ്റിയിൽ നടന്ന അവയവദാനത്തിൽ ചട്ടങ്ങൾ പാലിച്ചില്ലെന്നായിരുന്നു ആരോപണം. പൊതുതാത്പര്യ ഹർജിയിൽ കേസെടുത്ത എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

2021 നവംബറിലാണ് അവയവദാനവുമായി ബന്ധപ്പെട്ട് കൊച്ചി ആസ്റ്റർ മെഡിസിറ്റിക്കെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത് സമൻസ് അയച്ചത്. ഇത് ചോദ്യം ചെയ്ത് ആശുപത്രിയും പ്രതികളായ ഡോക്ടർമാരും 2022ലാണ് ഹൈക്കോടതിയെ സമീപിച്ചത്. കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.

2019ൽ ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന അവയവദാനവും കരൾമാറ്റ ശസ്ത്രക്രിയയും നിയമങ്ങൾ കാറ്റിൽ പറത്തിയും ഗൂഢാലോചനയുടെ ഭാഗമാണെന്നുമുള്ള കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയിന്മേലായിരുന്നു കീഴ്ക്കോടതിയുടെ ഇടപെടൽ. മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നടപടികൾ പൂർത്തീകരിച്ചതെന്നാണ് ആശുപത്രി അധികൃതരും മറ്റ് പ്രതികളും ഹൈക്കോടതിയെ അറിയിച്ചത്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനു മുന്നേ രോഗികളുടെ അവയവങ്ങൾ മാറ്റാൻ നീക്കം നടന്നുവെന്നാണ് ആരോപണം.

വാഹനാപകടത്തിൽ പരുക്കേറ്റ ചേരാനല്ലൂർ സ്വദേശിയായ അജയ് ജോണി എന്ന യുവാവിനെ 2019 മാർച്ച് രണ്ടിന് ആസ്റ്ററിൽ പ്രവേശിപ്പിച്ചിരുന്നു. യുവാവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുന്നേ ആശുപത്രിയിൽ നേരത്തെ ലിവർ സിറോസിസിന് ചികിത്സ തേടിയിരുന്ന അഭിഭാഷൻ കൂടിയായ രോഗിക്ക് കരൾ മാറ്റി വയ്ക്കാൻ ഡോക്ടർമാരടങ്ങുന്ന സംഘം ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. അജയ് ജോണിയുടെ കരൾ സ്വീകരിക്കാനിരുന്ന അഭിഭാഷകനും മസ്തിഷ്ക മരണം സംഭവിക്കുന്നതിന് മുന്നേ അദ്ദേഹത്തിന്റെ ബന്ധുക്കളെ അവയവദാനത്തിനായി പ്രേരിപ്പിക്കുന്ന നടപടികളും ആശുപത്രി അധികൃതർ ആരംഭിച്ചു എന്നായിരുന്നു ആരോപണം. ഇതാണ് കീഴ്ക്കോടതി ആസ്റ്റർ മെഡിസിറ്റിക്കെതിരെ കേസെടുത്ത് സമൻസ് അയയ്ക്കാനുണ്ടായ സാഹചര്യം.

logo
The Fourth
www.thefourthnews.in