കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

'ഉഭയ സമ്മത വിവാഹ മോചനത്തിന് ഒരു വര്‍ഷം'; ക്രിസ്ത്യൻ വിവാഹ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

റദ്ദാക്കിയത് വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാലേ വിവാഹമോചനത്തിന് കോടതിയെ സമീപിക്കാവൂവെന്ന വ്യവസ്ഥ

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ സെക്ഷൻ 10 പ്രകാരമുള്ള വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. ഉഭയ സമ്മതപ്രകാരം വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയണം എന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജനുവരി 30ന് വിവാഹിതരായ ദമ്പതികൾ ഉഭയ സമ്മത പ്രകാരം വിവാഹമോചനം തേടി കഴിഞ്ഞ മെയ് 31ന് എറണാകുളം കുടുംബക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമെ വിവാഹമോചന ഹർജി നൽകാനാകുള്ളൂവെന്ന് കുടുബ കോടതി വ്യക്തമാക്കി. തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

മൗലികാവകാശം ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ് വിവാഹമോചന നിയമത്തിലെ ഈ വ്യവസ്ഥ

സ്പെഷ്യൽ മാര്യേജ് ആക്ടിലും, ഹിന്ദു വിവാഹ നിയമത്തിലും ഒരു വർഷത്തിന് മുൻപ് വിവാഹമോചന ഹർജി നല്‍കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ക്രിസ്ത്യൻ വിഭാഗത്തിന് ബാധകമായ നിയമത്തിൽ ഇത്തരമൊരു വ്യവസ്ഥയില്ല. മൗലികാവകാശം ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ് വിവാഹമോചന നിയമത്തിലെ ഈ വ്യവസ്ഥയെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.

ഹർജിക്കാർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹമോചനം അനുവദിക്കണം

കേരള ഹൈക്കോടതി
'കുടുംബ കോടതികള്‍ യുദ്ധക്കളമായി മാറുന്നു'; ഏകീകൃത വിവാഹ കോഡ് കേന്ദ്രം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

2001ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെയായിരുന്നു ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിനായുള്ള വ്യവസ്ഥ നിലവിൽ വന്നത്. രണ്ട് വർഷം വേർപിരിഞ്ഞ് ജീവിച്ച ശേഷമെ  മോചനത്തിനായി ഹർജി നൽകാവൂ എന്നായിരുന്നു ആദ്യ വ്യവസ്ഥ. 2010 ൽ കേരള ഹൈക്കോടതി ഇത് ഒരു വർഷമായി കുറച്ചു. എന്നാൽ ഒരു വർഷം കാത്തിരിക്കണം എന്ന വ്യവസ്ഥയും കക്ഷികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കോടതി വിലയിരുത്തി. ഹർജിക്കാർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹമോചനം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in