കേരളാ ഹൈക്കോടതി
കേരളാ ഹൈക്കോടതി

ദിലീപ് പരാതി ഉന്നയിച്ചത് തെറ്റല്ല; രഹസ്യ വിചാരണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തോയെന്ന് കോടതിക്ക് പരിശോധിക്കാം: ഹൈക്കോടതി

കോടതിയലക്ഷ്യ നടപടിയുണ്ടായെന്ന് ബോധ്യമായാൽ കോടതിയെ അറിയിക്കുന്നതിൽ നിന്നും പ്രതിയാണെന്ന് കരുതി പരാതിക്കാരനെ തടയാനാകില്ലെന്ന് കോടതി

രഹസ്യ വിചാരണ നടക്കുന്ന കേസുകളിൽ കോടതിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തോയെന്ന് കോടതികൾക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കെ റിപ്പോർട്ടർ ചാനൽ നൽകിയ അഭിമുഖങ്ങളിലും ചർച്ചകളിലും കോടതിയലക്ഷ്യ നടപടിയുണ്ടായെന്ന് ദിലീപ് പരാതി ഉന്നയിച്ചിരുന്നു.

റിപ്പോർട്ടർ ടി വി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്

ദിലീപിന്റെ പരാതിയിൽ സെഷൻസ് കോടതി, റിപ്പോർട്ടർ ടിവിക്കും എം വി നികേഷ് കുമാറിനും നോട്ടീസയച്ചു. 2021 ഡിസംബർ 25 മുതൽ 2022 ഓക്ടോബർ 21 വരെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഹാജരാക്കാനായിരുന്നു വിചാരണ കോടതി നിർദേശം. ഇതിനെതിരെ റിപ്പോർട്ടർ ടി വി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. പൊതു താത്പര്യം മുൻനിർത്തി വാർത്തകൾ നൽകുകയാണുണ്ടായത്.

വിചാരണ നടന്നുകൊണ്ടിരിക്കെ സംവിധായകൻ ബാലചന്ദ്രകുമാർ സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. ഇത് ടെലികാസ്റ്റ് ചെയ്യൽ കോടതി അലക്ഷ്യമല്ലെന്നും റിപ്പോർട്ടർ ടി വി വാദം ഉന്നയിച്ചു. കേസിലെ പ്രതിയായ ദിലീപാണ് കോടതിയലക്ഷ്യത്തിനെതിരെ പരാതി നൽകിയത്. പ്രതിയായ ദിലീപിന് ഇത്തരമൊരു പരാതി ഉന്നയിക്കാൻ നിയമപരമായി അവകാശമിലെന്നും ഹർജിക്കാര്‍ വാദിച്ചു. എന്നാൽ കോടതിയലക്ഷ്യ നടപടിയുണ്ടായെന്ന് ബോധ്യമായാൽ കോടതിയെ അറിയിക്കുന്നതിൽ നിന്നും പ്രതിയാണെന്ന് കരുതി പരാതിക്കാരനെ തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ ദിലീപ് പരാതി ഉന്നയിച്ചത് തെറ്റാണെന്ന വാദം ശരിയല്ലെന്നും കോടതിയുത്തരവിൽ പറയുന്നു.

വിചാരണയുമായി ബന്ധപ്പെട്ട് രഹസ്യമാക്കേണ്ട പല കാര്യങ്ങളും റിപ്പോർട്ടർ ചാനൽ നൽകിയെന്നായിരുന്നു ദിലീപിന്റെ പരാതി

കേസിലെ സാക്ഷി വിസ്താരം നടന്നുകൊണ്ടിരിക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ കേസുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തൽ നടത്തുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം കേസിൽ ഇൻ കാമറ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിചാരണയുമായി ബന്ധപ്പെട്ട് രഹസ്യമാക്കേണ്ട പല കാര്യങ്ങളും റിപ്പോർട്ടർ ചാനൽ നൽകിയെന്നായിരുന്നു ദിലീപിന്റെ പരാതി. മാധ്യമ വിചാരണയാണ് നടന്നതെന്നും കോടതിയലക്ഷ്യമാണതെന്നും ആരോപിച്ചിരുന്നു. തുടർന്ന് 2022 മാർച്ച് 19 ന് സെഷൻസ് ജഡ്ജി ഹണി എം വർഗീസ് രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു നികേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in