റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരൻ മരിച്ച സംഭവം; ആലപ്പുഴ കളക്ടറോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരൻ മരിച്ച സംഭവം; ആലപ്പുഴ കളക്ടറോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്

റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ച് സംഭവത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപത്തെ റോഡിലെ കുഴിയില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തകര്‍ന്ന റോഡുകള്‍ ദുരന്ത നിവാരണ പരിധിയില്‍ വരുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷനെന്ന നിലയില്‍ ജില്ലാ കളക്ടറോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് റിപ്പോര്‍ട്ട് തേടിയത്.

മത്സ്യത്തൊഴിലാളിയായ ചിന്നപ്പന്‍ എന്ന് വിളിക്കുന്ന ജോയി (50) മരിച്ച സംഭവം പരിഗണിക്കുകയായിരുന്നു കോടതി. എറണാകുളം ചളിക്കവട്ടത്ത് ബസിനടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ ഇടപ്പള്ളി സ്വദേശിനി എം ഡി ധന്യ മരിച്ച സംഭവത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്ന ജൂണ്‍ ഒന്നിന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

നെല്ലാട് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കുമെന്ന് അധികൃതര്‍ നല്‍കിയ വാക്കു പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡിന്റെ കാര്യത്തില്‍ ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in