വടക്കഞ്ചേരി ബസ് അപകടം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
Google

വടക്കഞ്ചേരി ബസ് അപകടം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കോടതി നിർദേശങ്ങള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സർക്കാർ അറിയിച്ചേക്കും

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങള്‍, ലൈറ്റുകള്‍, ഗ്രാഫിക്സ്, സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള മോഡിഫിക്കേഷനുകള്‍ എന്നിവ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടിരുന്നു. നിർദേശങ്ങള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സർക്കാർ കോടതിയെ അറിയിച്ചേക്കും.

പിടിച്ചെടുത്ത വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി ഡ്രൈവറുടെ ലൈസന്‍സ് ഉടനടി സസ്പെന്‍ഡ് ചെയ്യാനായിരുന്നു കോടതി നിർദേശം. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ വിനോദയാത്രയ്ക്കായി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പും പോലീസും രാത്രികാല പരിശോധന ശക്തമാക്കണം. രൂപമാറ്റം വരുത്തിയ കാറുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത് മജ്സ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനും പോലീസിന് കോടതി നിർദേശം നല്‍കിയിരുന്നു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടാണ് ഒൻപത് പേർ മരിച്ചത്. ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ മൂന്ന് പേരുമാണ് മരിച്ചത്. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.

ടൂറിസ്റ്റ് ബസ് ലൂമിനസ് നേരത്തെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. ബസിനെതിരെ നിരവധി പരാതികള്‍ മുന്‍പും ഉണ്ടായിരുന്നു. പല തവണ നിയമലംഘനത്തിന് നടപടി നേരിടുകയും ചെയ്തിട്ടുണ്ട്. പിഴയടച്ച ശേഷവും ബസ് നിയമലംഘനം തുടർന്നിരുന്നെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

logo
The Fourth
www.thefourthnews.in