സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

മഴക്കാലം ആരംഭിച്ചശേഷമുള്ള ആദ്യത്തെ താപനില മുന്നറിയിപ്പാണിത്

കനത്ത ചൂട് അനുഭവപ്പെടുന്ന കേരളത്തിൽ താപനില വരും ദിവസങ്ങളിൽ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒൻപത് ജില്ലകളിൽ താപനില ഉയരും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും നാളെയും താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഇത് നിലവിലെ താപനിലയെക്കാൾ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതാണ്.

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് താപനില കൂടി 35 ഡിഗ്രി സെൽഷ്യസാവും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് 34 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടും. ഇത് സാധാരണ ഗതിയിൽ നിന്ന് മൂന്ന് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് കൂടിയതാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാലം ആരംഭിച്ചശേഷമുള്ള ആദ്യത്തെ താപനില മുന്നറിയിപ്പാണിത്.

രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്ന് വരെ ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി

ഈ വർഷം കാര്യമായ മൺസൂൺ മഴ ലഭിക്കാത്തത് ചൂട് കൂടാൻ കാരണമാകുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ മാത്രമാണ് മഴ ലഭ്യമാവുന്നത്. അതേസമയം, കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൂട് കൂടുന്നതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

logo
The Fourth
www.thefourthnews.in