ഹയർ സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് മുതല്‍

ഹയർ സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് മുതല്‍

4,42,067 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്

സംസ്ഥാനത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 4,25,361 വിദ്യാർഥികളാണ് ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷ എഴുതുക. 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്.

ഒന്നും, രണ്ടും വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾ മാർച്ച് 30ന് അവസാനിക്കും

മൊത്തം 2,023 പരീക്ഷാ കേന്ദ്രങ്ങളാണ് വിദ്യാർഥികൾക്കായി സംസ്ഥാനത്തൊരുക്കിയിരിക്കുന്നത്. ഒന്നും, രണ്ടും വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾ മാർച്ച് 30ന് അവസാനിക്കും. 28,820 വിദ്യാർഥികളാണ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ ഒന്നാം വർഷ പരീക്ഷ എഴുതുക. രണ്ടാം വർഷത്തിൽ 30,740 വിദ്യാർഥികളും പരീക്ഷ എഴുതും. വൊക്കേഷണൽ ഹയർ സെക്കന്‍ഡറിക്ക് പരീക്ഷയ്ക്കായി മൊത്തം 389 കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

വൊക്കേഷണൽ ഹയർസെക്കന്‍ഡറി മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും

ഹയർസെക്കന്‍ഡറി മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെ നടക്കും. 80 മൂല്യനിർണയ ക്യാമ്പുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്. വൊക്കേഷണൽ ഹയർസെക്കന്‍ഡറി മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. എട്ട് മൂല്യനിർണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകരുടെ സേവനമാണ് കണക്കാക്കുന്നത്.

logo
The Fourth
www.thefourthnews.in