'ഹിന്ദുവാണോ ജോലിയുണ്ട്;' തൃശൂരിലെ സൂപ്പർ മാർക്കറ്റിലേക്ക് മതം നോക്കി റിക്രൂട്മെന്റ്, ഏജൻസിയായി ഹിന്ദു സേവാ കേന്ദ്രം

'ഹിന്ദുവാണോ ജോലിയുണ്ട്;' തൃശൂരിലെ സൂപ്പർ മാർക്കറ്റിലേക്ക് മതം നോക്കി റിക്രൂട്മെന്റ്, ഏജൻസിയായി ഹിന്ദു സേവാ കേന്ദ്രം

പരസ്യം കണ്ട് ഇതിനോടകം നിരവധി അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഒരുപാട് ബയോ ഡേറ്റകൾ ലഭിച്ചിട്ടുണ്ടെന്നും സേവാ കേന്ദ്രത്തിന്റെ കസ്റ്റമർ കെയർ ജീവനക്കാരി പറയുന്നു

'ഹിന്ദു' സ്ത്രീയോ പുരുഷനോ ആണെങ്കിൽ ജോലിക്കെടുക്കാമെന്ന പരസ്യവുമായി ഹിന്ദു സേവാ കേന്ദ്രത്തിന്റെ പരസ്യം. തൃശൂരിലെ പ്രമുഖ സൂപ്പർ മാർക്കറ്റിലേക്കാണ് ഒഴിവുകളെന്നാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന പോസ്റ്ററിൽ പറയുന്നത്. സെയിൽസ്, ബില്ലിങ് എന്നീ സെക്ഷനുകളിലേക്കാണ് തൊഴിലാളികളെ നോക്കുന്നത്. ബന്ധപ്പെടാനുള്ള നമ്പറും നൽകിയിട്ടുണ്ട്.

പ്രസ്തുത നമ്പറിൽ ബന്ധപ്പെട്ടപ്പോൾ, ബയോഡാറ്റ അയച്ചുകൊടുക്കാനുള്ള നിർദേശമാണ് ദ ഫോർത്തിന് ലഭിച്ചത്. അതുപരിശോധിച്ച ശേഷം തിരികെ വിളിക്കാമെന്നും ഹിന്ദു സേവാ കേന്ദ്രം കസ്റ്റമർ കെയർ അറിയിച്ചു. സംഘടന നടത്തുന്ന റിക്രൂട്മെന്റ് ആയതിനാൽ സൂപ്പർമാർക്കറ്റിന്റെ പേരോ മറ്റുവിവരങ്ങളോ വെളിപ്പെടുത്താൻ ആകില്ലെന്നാണ് അവർ പറയുന്നത്. തൃശൂരിൽ ഒരുപാട് സൂപ്പർമാർക്കറ്റുകളുള്ള വലിയ ശൃംഖലയ്ക്ക് വേണ്ടിയാണ് ജീവനക്കാരെ തിരയുന്നതെന്നും അവർ പറഞ്ഞു.

പരസ്യം കണ്ട് ഇതിനോടകം നിരവധി അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഒരുപാട് ബയോഡാറ്റകൾ ലഭിച്ചിട്ടുണ്ടെന്നും സേവാ കേന്ദ്രത്തിന്റെ കസ്റ്റമർ കെയർ ജീവനക്കാരി പറയുന്നു. നിലവിൽ 15 പോസ്റ്റുകളിലേക്കാണ് റിക്രൂട്മെന്റ് നടക്കുന്നതെന്നും ചിലപ്പോൾ വർധിക്കാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഹിന്ദു സേവാ കേന്ദ്രത്തിന്റെ ഫേസ്ബുക് പേജിലാണ് ആദ്യം പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ വലിയ ആക്ഷേപങ്ങളും കമന്റ് ബോക്സിൽ ഉയരുന്നുണ്ട്. മതം തിരിച്ച് ജോലി കൊടുക്കുന്നതിനെതിരെ നിരവധി പ്രതികരണങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. ആളുകളുടെ വിവരം ശേഖരിക്കാനും അതുവഴി വർഗീയ വിഷം കുത്തിനിറയ്ക്കാനുമുള്ള പദ്ധതിയാണെന്നും ചിലർ ആരോപിക്കുന്നു. മുൻ വിശ്വ ഹിന്ദു പരിഷത് നേതാവായ പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘടനയാണിത്.

ഹിന്ദുക്കളുടെ രക്ഷകരായി സ്വയം അവതരിപ്പിക്കുന്ന 'ചാരിറ്റി സംഘടന' എന്ന് അവകാശപ്പെടുന്ന കൂട്ടായ്മയാണ് ഹിന്ദുസേവ കേന്ദ്രം. പഞ്ചായത്ത് അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. ഹിന്ദുക്കൾ അസ്തിത്വ പ്രതിസന്ധിയുടെ നടുവിലാണെന്നും പ്രവർത്തിക്കാനുള്ള സമയം അതിക്രമിച്ചുവെന്നുമാണ് ഇവരുടെ പ്രഖ്യാപിത നയം.

logo
The Fourth
www.thefourthnews.in