ചരിത്രം രാജാക്കന്മാരുടേത് മാത്രമല്ലെന്ന് സ്ഥാപിച്ച ദളിത് ബന്ധു; എന്‍ കെ ജോസ് ഇനി ഓര്‍മ

ചരിത്രം രാജാക്കന്മാരുടേത് മാത്രമല്ലെന്ന് സ്ഥാപിച്ച ദളിത് ബന്ധു; എന്‍ കെ ജോസ് ഇനി ഓര്‍മ

കീഴള ചരിത്ര പഠനത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായി

ചരിത്രകാരന്‍ ദളിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു. 94 വയസായിരുന്നു. പുന്നപ്ര- വയലാര്‍ സമരം, വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംമ്പരം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍ തുടങ്ങി ആധുനിക കേരള ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് പുനര്‍വായന നടത്തിയ ചരിത്രകാരനാണ് അദ്ദേഹം.

വ്യവസ്ഥാപിത രാജവംശങ്ങളുടേത് മാത്രമല്ല ചരിത്രം എന്നും, കീഴാള ജീവിതത്തിന്റെ കൂടി അടയാളപ്പെടുത്തലാണെന്നും നിരന്തരം ഓര്‍മ്മിപ്പിച്ച ചരിത്രകാരന്‍ ആയിരുന്നു അദ്ദേഹം. കീഴള ചരിത്ര പഠനത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായി. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്.

സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. ദളിത് പ്രശ്നങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു അദേഹത്തിന്റെ രചനകള്‍. ദളിത് പഠനങ്ങള്‍ക്കും ദളിത് ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച്, ദളിത് നേതാവ് കല്ലറ സുകുമാരനാണ് എന്‍ കെ ജോസിന് ദളിത് ബന്ധു എന്ന പേരു നല്‍കിയത്. പിന്നീട് അത് തന്റെ തൂലികാനാമമായി ജോസ് സ്വീകരിച്ചു.

ചരിത്രം രാജാക്കന്മാരുടേത് മാത്രമല്ലെന്ന് സ്ഥാപിച്ച ദളിത് ബന്ധു; എന്‍ കെ ജോസ് ഇനി ഓര്‍മ
വീണ്ടും വന്യജീവി ആക്രമണം; തൃശൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു, കോഴിക്കോട് കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു

140ലധികം ചരിത്ര, സാമൂഹ്യ-ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കോട്ടയം അംബികാ മാര്‍ക്കറ്റില്‍ ഹോബി പബ്ലിക്കേഷന്‍സ് എന്ന പേരില്‍ സ്വന്തം പ്രസിദ്ധീകരണശാല സ്ഥാപിച്ചാണ് പുസ്തകങ്ങളുടെ വില്‍പ്പന നടത്തിയത്. തന്റെ പല പുസ്തകങ്ങള്‍ക്കും പ്രസാധകരെ കിട്ടാതെ വന്നതോടെയാണ്, സ്വന്തം നിലയ്ക്ക് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1929-ല്‍ വൈക്കം താലൂക്കിലെ വെച്ചൂരില്‍ ഒരു കത്തോലിക്ക കുടുംബത്തില്‍ കുര്യന്‍, മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. ചേര്‍ത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തേവര സേക്രഡ് ഹാര്‍ട്ട്സ്, സെന്റ് ആല്‍ബര്‍ട്സ് എറണാകുളം എന്നിവിടങ്ങളിലായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പഠനകാലത്ത് കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള അടുപ്പം സാമൂഹ്യവിഷയങ്ങളില്‍ ജോസില്‍ കാര്യമായ സ്വാധീനം ചെലുത്തി. 23-ാം വയസ്സില്‍ 'മുതലാളിത്തം ഭാരതത്തില്‍' എന്ന ആദ്യ ഗ്രന്ഥം രചിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വാര്‍ദ്ധയിലെ ഗാന്ധി ആശ്രമത്തില്‍ ഗാന്ധിയന്‍ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏര്‍പ്പെട്ടു. പില്‍ക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശതമായി വിമര്‍ശിച്ചും എഴുതി.

റാം മനോഹര്‍ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായണ്‍ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാര്‍. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും അദ്ദേഹം മാറി. പിഎസ്പിയുടെ സംസ്ഥാന ഭാരവാഹിയായി.

പിന്നീട് മാര്‍ത്താണ്ഡത്ത് നടന്ന പോലീസ് വെടിവെയ്പ്പ് അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി പിളരാനും ജോസ് സജീവ രാഷ്ടീയം ഉപേക്ഷിക്കാനും കാരണമായി. 1955-ല്‍ തങ്കമ്മയെന്ന പുരോഗമനവാദിയെ ജീവിതസഖിയാക്കി.

1960-കളില്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ്സില്‍ സംസ്ഥാന തലത്തിലെ പദവികള്‍ വഹിച്ചു. ഇക്കാലത്ത്, അംബേദ്ക്കറുടെ കൃതികള്‍ വായിക്കാനിടയാവുകയും, അംബേദ്കറൈറ്റ് ചിന്തകളില്‍ ആകൃഷ്ടനാവുകയും ചെയ്തു. 1983-ല്‍ കത്തോലിക്കാ സഭ പ്രവര്‍ത്തനങ്ങളില്‍ നിന്നു പൂര്‍ണ്ണമായി വിടവാങ്ങിയ അദ്ദേഹം, മുഴുവന്‍ സമയ ദളിത് ചരിത്ര ഗവേഷകനും എഴുത്തുകാരനുമായി മാറി.

പ്രധാനമായും രണ്ട് പരമ്പരകളായാണ് അദ്ദേഹം തന്റെ കൃതികളെ തിരിച്ചിട്ടുള്ളത്. നസ്രാണീ സീരീസ്, ദളിത് സിരീസ് എന്ന് ജോസ് അവയെ വിളിക്കുന്നു. കേരള ക്രൈസ്തവര്‍ ബ്രാഹ്‌മണരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാ നേതാക്കന്മാരുടെ സങ്കല്‍പ്പസൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു.

കേരളത്തിലെ ആദിമ ക്രൈസ്തവര്‍ ആദിവാസികള്‍ ആയിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവര്‍ത്തനങ്ങള്‍ കൂടുതലും നടന്നിരുന്നതെന്നും ജോസ് വാദിച്ചിരുന്നു. അതിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് കേരളത്തിലെ ആര്യപ്രവേശം എന്നും അപ്പോള്‍ മാത്രമാണ് ജാതിവിഷയം ഉത്ഭവിച്ചതെന്നും ജോസ് കരുതിവരുന്നു. പില്‍ക്കാലത്ത് ജാതിവ്യവസ്ഥിതിയില്‍ നിന്നും മോചനം ലഭിക്കാന്‍ ദളിത്, അവശ വിഭാഗങ്ങള്‍ സംഘടിതമായി ക്രൈസ്തവത സ്വീകരിക്കകയുണ്ടായി എന്നും ജോസ് ചൂണ്ടിക്കാട്ടി.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസില്‍ ദളിത് ബന്ധു എന്‍ കെ ജോസിന്റെ പേരില്‍ ആര്‍ക്കൈവ് ആരംഭിക്കുമെന്ന് 2023-ല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. എം വി നാരായണന്‍ അറിയിച്ചിരുന്നു. സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഉള്ള ആര്‍ക്കൈവില്‍ ദളിത് ബന്ധു എന്‍ കെ ജോസിന്റെ കയ്യെഴുത്ത് പ്രതികള്‍, കത്തുകള്‍, അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ അപൂര്‍വ്വങ്ങളായ പുസ്തകങ്ങള്‍ എന്നിവ ശേഖരിച്ച് സംരക്ഷിക്കും എന്നാണ് അന്ന് വി സി പ്രഖ്യാപിച്ചത്. ദളിത് ബന്ധു എന്‍കെ ജോസിന്റെ പേരില്‍ എല്ലാ വര്‍ഷവും വാര്‍ഷിക പ്രഭാഷണം സംഘടിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in