ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭ പരിഗണിക്കും

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭ പരിഗണിക്കും

ഡോക്ടര്‍മാരും ആരോഗ്യ- ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓര്‍ഡിനന്‍സ് തയാറാക്കുന്നത്

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ നിയമ ഓര്‍ഡിനന്‍സ് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കനത്ത ശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് തയാറാക്കുന്നതെന്നാണ് സൂചന. ഡോക്ടര്‍മാരും ആരോഗ്യ- ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓര്‍ഡിനന്‍സ് തയാറാക്കുന്നത്. വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.

ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്ന് അവതരിപ്പിക്കുന്നത്. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമം കൂടുതല്‍ ശക്തമാക്കും. ആശുപത്രി അക്രമണങ്ങളില്‍ ശിക്ഷ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവാക്കി ഉയർത്തുകയും വാക്കുകള്‍ കൊണ്ടുള്ള അസഭ്യവും അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയുമാകും ഓര്‍ഡിനന്‍സ് തയാറാക്കുന്നതെന്നാണ് സൂചന. നിലവില്‍ ആശുപത്രി ആക്രമണത്തിനുള്ള പരമാവധി ശിക്ഷ മൂന്ന് വര്‍ഷമാണ്. ഇതിനെ ഏഴ് വര്‍ഷമായി വര്‍ധിപ്പിക്കാനാണ് വ്യവസ്ഥ.

ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും അംഗീകരിച്ചാകും ഓര്‍ഡിനന്‍സ്. വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും സൈബര്‍ ആക്രമണവും നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യം വിവിധ സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നു. ആരോഗ്യ രംഗത്തെ വിവിധ മേഖലകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. നഴ്‌സിങ് കോളേജുകള്‍ ഉള്‍പ്പെടെ നിയമത്തിന്റെ പരിധിയില്‍ വരും. ഡോക്ടര്‍മാരോടൊപ്പം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ ലഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രത്യേക കോടതിയില്‍ ഒരു വര്‍ഷത്തിനകം വിചാരണ തീര്‍ക്കണമെന്നും വ്യവസ്ഥയുണ്ട്.

logo
The Fourth
www.thefourthnews.in