'വെള്ളത്തിനും സൗകര്യങ്ങള്‍ക്കും മുട്ടില്ല, ഇവിടേക്ക് വന്നോളൂ';  ബെംഗളുരുവിലെ  ഐടി ഹബ്ബിലേക്ക് ചൂണ്ടയിട്ട് കേരളം

'വെള്ളത്തിനും സൗകര്യങ്ങള്‍ക്കും മുട്ടില്ല, ഇവിടേക്ക് വന്നോളൂ'; ബെംഗളുരുവിലെ ഐടി ഹബ്ബിലേക്ക് ചൂണ്ടയിട്ട് കേരളം

ഏഷ്യയിലെ സിലിക്കൺവാലിയാണ് ബെംഗളൂരു, ബെംഗളുരുവിലെ ജലക്ഷാമം കേരളത്തിന് ഗുണം ചെയ്യുമോ ?

കേരളത്തിന്റെ അയൽസംസ്ഥാനമായ കർണാടകയിലെ ബെംഗളൂരു നഗരം കുടിവെള്ള ക്ഷാമം കൊണ്ട് വലയുകയാണ്. അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ് നഗരത്തിൽ. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയാണ് കര്‍ണാടക അനുഭവിക്കുന്നത്. ജലദൗര്‍ലഭ്യം മാത്രമല്ല, ജലസ്രോതസുകള്‍ ഇല്ലാതാകുന്നതടക്കമുള്ള പ്രതിസന്ധികളിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. ബെംഗളൂരുവിലെ ഏതാണ്ട് മൂവായിരത്തിലധികം കുഴൽക്കിണറുകൾ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി പറഞ്ഞിരുന്നു.

'വെള്ളത്തിനും സൗകര്യങ്ങള്‍ക്കും മുട്ടില്ല, ഇവിടേക്ക് വന്നോളൂ';  ബെംഗളുരുവിലെ  ഐടി ഹബ്ബിലേക്ക് ചൂണ്ടയിട്ട് കേരളം
കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; നിർണായക തീരുമാനവുമായി ഭരണസമിതി

ബെംഗളൂരുവിലെ ഈ കടുത്ത ജലക്ഷാമത്തിൽ നിന്ന് നേട്ടം കൊയ്യാനാണ് കേരളത്തിന്റെ തീരുമാനം. അതെങ്ങനെ ആണെന്നതായിരിക്കും പലരുടെയും സംശയം. ബെംഗളൂരു നഗരത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നിലേക്കാണ് കേരളത്തിന്റെ കണ്ണ്. ഇന്ത്യയുടെ ഐടി ഹബ്ബ് ആണ് ബെംഗളൂരു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക കേന്ദ്രം കൂടിയാണിത്. ആമസോൺ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കമ്പനികളുടെ ഗവേഷണ-വികസന കേന്ദ്രങ്ങൾ ബെംഗളൂരുവിൽ ഉണ്ട്. നാല് ദശലക്ഷത്തിലധികം ആളുകളാണ് ബംഗളുരുവിലെ ഐടി മേഖലകളിൽ ജോലി ചെയ്യുന്നത്. കൂടാതെ പ്രതിവർഷം 120 ബില്യൺ യൂറോയുടെ സോഫ്റ്റ് വെയർ കയറ്റുമതി ബംഗളുരുവിൽ നടക്കുന്നു. ചുരുക്കി പറഞ്ഞാൽ ഏഷ്യയിലെ സിലിക്കൺ വാലിയാണ് ബെംഗളൂരു.

ദീർഘകാലമായി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് പുറമെ പുതിയ പുതിയ കമ്പനികളും നഗരത്തിന്റെ വളർച്ചയുടെ ഭാഗമാവുന്നുണ്ട്. ഉയർന്ന നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചറുകളുള്ള മികച്ച ഇൻ-ക്ലാസ് ടെക്നോളജി പാർക്കുകളുടെ ഒരു കൂട്ടമാണ് ബാംഗ്ലൂരിലുള്ളത്. 2021 ൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടെക് ഹബ്ബായി തിരഞ്ഞെടുക്കപെട്ടിരുന്നു.

ഇത്രയും വലിയ തോതിൽ പ്രവർത്തിക്കുന്ന ബംഗളുരുവിലെ കുടിവെള്ള ക്ഷാമം വലിയ തോതിലാണ് ബാധിച്ചിട്ടുള്ളത്. ബെംഗുരുവിലെ താമസക്കാർക്ക് പോലും ദിനം ദിന ആവശ്യങ്ങൾക്ക് കുടിവെള്ളം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ നഗരത്തിലെ പ്രമുഖ ഐടി കമ്പനികളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണ് മന്ത്രി പി രാജീവ്. ആവോളം വെള്ളവും സൗകര്യങ്ങളും അടങ്ങുന്ന മോഹ വാദ്ഗാനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത് . ബെംഗളുരുവിലെ ജലക്ഷാമം കേരളത്തിന് ഗുണം ചെയ്യുമോ ?

ഐടി സ്ഥാപനങ്ങൾക്ക് കേരളത്തിൻ്റെ ക്ഷണപത്രം

ബെംഗളൂരിവിലെ ഐടി ഹബ്ബിൽ നിന്ന് തിമിംഗലം കൊത്തുമെന്ന് തന്നെ കരുതിയാണ് കേരളത്തിൽ നിന്ന് മന്ത്രി പി രാജീവ് ചൂണ്ടയിടുന്നത്. ബംഗളൂരുവിൽ നിന്ന് വ്യത്യസ്തമായി ജലക്ഷാമമില്ലാത്ത കേരളത്തിൽ സൗകര്യങ്ങൾ ഒരുക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഐടി കമ്പനികൾക്ക് ക്ഷണം അയച്ചത്. ഐടി കമ്പനികൾക്ക് സമൃദ്ധമായ സൗകര്യങ്ങളും ധാരാളം ജലസ്രോതസ്സുകളും നൽകാൻ കേരളം തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. "സംസ്ഥാനത്ത് ചെറുതും വലുതുമായ 44 നദികളുണ്ട്, അതിനാൽ വെള്ളം ഒരു പ്രശ്നമല്ല. ബെംഗളൂരുവിലെ ജലപ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചതിനുശേഷം, ഐടി കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും ധാരാളം വെള്ളവും വാഗ്ദാനം ചെയ്തുകൊണ്ട് കാതുകൾ എഴുതിയിട്ടുണ്ട്," അദ്ദേഹം ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പി രാജീവ്
പി രാജീവ്

ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന കമ്പനികളെയാണ് സംസ്ഥാനത്തേക്ക് ആകർഷിക്കുന്നത് അദ്ദേഹം പറയുന്നു. നിരവധി നദികളാൽ സമ്പന്നമായ, മലിനീകരണ തോത് വളരെ കുറഞ്ഞ, പ്രകൃതിഭംഗിയുള്ള നാടാണ് കേരളം. വെള്ളത്തിന്റെയോ ശുദ്ധവായുവിന്റെയോ കാര്യത്തിലുള്ള പ്രതിസന്ധി കേരളത്തിൽ ഒരിക്കലും ഉണ്ടാകാറില്ല. വളർന്നുവരുന്ന ഐ.ടി/ടെക് കേന്ദ്രമായ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.

"തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ ടെക് പാർക്കുകളിലും മറ്റ് ഐടി കമ്പനികളിലുമായി കഴിഞ്ഞ 5 വർഷത്തിനിടെ മാത്രം 10 ലക്ഷത്തിലധികം പേർക്കാണ് തൊഴിൽ ലഭിച്ചത്. പല പ്രമുഖ കമ്പനികളും കേരളം ലക്ഷ്യസ്ഥാനമായി കാണുന്നുവെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളും വലിയ തുറമുഖങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാമുള്ള കേരളത്തിലേക്ക് കൂടുതൽ കമ്പനികളെ ക്ഷണിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമുള്ള നാട് കൂടിയാണ് കേരളം," അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ ഏതൊക്കെ കമ്പനികൾക്കാണ് നിലവിൽ ക്ഷണം നല്കിയിട്ടുള്ളതെന്ന് വ്യക്തമല്ല. സിലിക്കൺ വാലി പോലെ കേരളത്തെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്തെ ഐടി മേഖലയുടെ മുഖങ്ങളാണ് രാജ്യത്തെ ആദ്യ ഐടി പേർക്കായി ടെക്നോപാർക്കും, ഇൻഫോപാർക്കും സൈബർ പാർക്കും. മറ്റു ചെറിയ ചില ഐടി പാർക്കുകളും സംസ്ഥാനത്തുണ്ട്. ലോകോത്തര ഐടി കമ്പനികൾ ഈ മൂന്ന് ഐടി പാർക്കുകളുമായി പ്രവർത്തിച്ചു പോരുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ഒന്നര ലക്ഷത്തിലധികം പ്രൊഫെഷനുകൾ 1200 ഓളം കമ്പനികളിലായി ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നുണ്ട്. കൂടാതെ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കി ലോകോത്തര കമ്പനികളെ ആകർഷിക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്.

'വെള്ളത്തിനും സൗകര്യങ്ങള്‍ക്കും മുട്ടില്ല, ഇവിടേക്ക് വന്നോളൂ';  ബെംഗളുരുവിലെ  ഐടി ഹബ്ബിലേക്ക് ചൂണ്ടയിട്ട് കേരളം
'നിയമം ലംഘിച്ചു'; ആപ്പിളിനും മെറ്റയ്ക്കും ഗൂഗിളിനുമെതിരെ അന്വേഷണവുമായി യൂറോപ്യന്‍ യൂണിയന്‍

മികച്ച അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവുമാണ് സംസ്ഥാനത്ത് പല കമ്പനികളുടെയും വളർച്ചക്ക് കാരണമായതെന്ന് മന്ത്രി പി രാജീവ് അടുത്തിടെ നടന്ന ഒരു പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ 50 ജീവനക്കാരുമായിട്ടാണ് ഐബിഎം ആരംഭിച്ചത്. തുടർന്ന് കൊണ്ടുപോകാൻ സാധിക്കുമോ എന്ന ആശങ്ക ജീവനക്കാർ തന്നെ പങ്കുവെച്ചിരുന്നു. ഒരു വർഷം 100 ജീവനക്കാർ എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം.

എന്നാൽ ഒരു വർഷം പിന്നിടുമ്പോൾ 2400 ജീവനക്കാരുമായി മികച്ച രീതിയിലാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഐബിഎമ്മിന്റെ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സെന്റർ കൊച്ചിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ ഡെൽറ്റ എയർ ലൈൻ ഉപയോഗിക്കുന്നത് ഐബിഎമ്മിന്റെ പ്രോഡക്ട് ആണ്. ഐബിഎം പോലുള്ള ഇത്തരം കമ്പനികളുടെ കേരളത്തിലെ വളർച്ച സ്വാഭാവികമായും അവർക്ക് ചുറ്റുമുള്ള ഉത്പന്ന - സേവന ദാതാക്കളുടെ വളർച്ചക്കും കാരണമാകുന്നു. ഇത്തരം വളർച്ചക്കുതകുന്ന നല്ല അന്തരീക്ഷങ്ങൾ കേരളത്തിലുണ്ട്, അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in