ഇലന്തൂരില്‍ കൂടുതൽ ഇരകളെന്ന് സംശയം; വിശദ പരിശോധനയ്ക്കൊരുങ്ങി പോലീസ്
ഇലന്തൂരിലെ ഇരട്ടനരബലി കേസിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ പുരയിടത്തില്‍ വിശദ പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണ സംഘം. പ്രതികള്‍ കൂടുതല്‍ പേരെ ഇരകളാക്കിയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന വ്യാപിപ്പിക്കുന്നത്. മൃതദേഹം മണത്തു കണ്ടെത്താൻ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ചും ജെസിബി ഉപയോഗിച്ചും ശനിയാഴ്ച വീട്ടുവളപ്പിൽ പരിശോധന നടത്താനാണ് നീക്കം. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താനാണ് ശ്രമം.
അതിനിടെ, പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിനായി വീണ്ടും ഇലന്തൂരില്‍ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇവരെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമോ, ഞായറാഴ്ചയോ സ്ഥലത്ത് എത്തിക്കാനാണ് ശ്രമം.
അതേസമയം, എറണാകുളം പോലീസ് ക്ലബ്ബില്‍ തുടരുന്ന ചോദ്യം ചെയ്യലിനോട് മുഖ്യപ്രതി മുഹമ്മദ് ഷാഫി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിജിപിയുടെ നിർദേശപ്രകാരം കൃത്യമായ കർമപദ്ധതി തയ്യാറാക്കിയാണ് അന്വേഷണ സംഘത്തിന്റെ പ്രവർത്തനം. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. പന്ത്രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിട്ടുള്ളത്.
മുഹമ്മദ് ഷാഫിയെ പത്മയുടെ സ്വർണം പണയം വെച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഫോറൻസിക് , സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. അതേസമയം ഇലന്തൂരിൽ നിന്ന് കണ്ടെടുത്ത മൃതദേഹഭാഗങ്ങൾ ഇന്ന് രാസപരിശോധനയ്ക്ക് അയച്ചു. ഡിഎൻഎ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മൃതദേഹഭാഗങ്ങൾ കൊല്ലപ്പെട്ട സ്ത്രീകളുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.