കേരളത്തിലും നരബലി; സ്ത്രീകളെ കൊലപ്പെടുത്തി, മൂന്നുപേര്‍ കസ്റ്റഡിയില്‍

കേരളത്തിലും നരബലി; സ്ത്രീകളെ കൊലപ്പെടുത്തി, മൂന്നുപേര്‍ കസ്റ്റഡിയില്‍

ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ ബലി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്

കേരളത്തില്‍ നരബലി നടന്നതായി കണ്ടെത്തല്‍. ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. തിരുവല്ലയിലെ ദമ്പതികള്‍ക്കായി പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടി, കടവന്ത്ര എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഏജന്റും ദമ്പതികളും പിടിയിലായിട്ടുണ്ട്. തിരുവല്ല സ്വദേശി വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലീല, ഏജന്റെന്ന് കരുതുന്ന പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്ന റഷീദ് എന്നിവരാണ് കസ്റ്റഡിയിലായത്.

കാലടി സ്വദേശിയായ റോസ്ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 17ന് റോസ്‌ലിയെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്ലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പത്മയെ കാണാതായ സംഭവത്തിലെ അന്വേഷണമാണ് നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയപ്പോള്‍, കാലടിയില്‍ നിന്നുള്ള മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയാണ്.

പത്തനംതിട്ട ഇലന്തൂരില്‍ താമസിക്കുന്നു ഭഗവല്‍ സിംഗിനും ഭാര്യ ലീലയ്ക്കും വേണ്ടിയാണ് നരബലി നടത്തിയതെന്നാണ് വിവരം. നരബലി നല്‍കിയാല്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്ന് ഷാഫിയാണ് വൈദ്യരെയും ഭാര്യയെയും വിശ്വസിപ്പിച്ചത്. കാലടിയില്‍ നിന്ന് റോസ്ലിയെയാണ് ആദ്യം കൊണ്ടുപോയത്. മറ്റൊരു ആവശ്യം പറഞ്ഞാണ് ഇവരെ തിരുവല്ലയിലെത്തിച്ചത്. തുടര്‍ന്ന് പൂജ നടത്തി ബലി നല്‍കിയെന്നാണ് വിവരം. സെപ്റ്റംബര്‍ 27നാണ് പത്മയെ സമാനരീതിയില്‍ തിരുവല്ലയില്‍ എത്തിച്ചത്. ഇവരെ കാണാതായെന്ന പരാതിയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തിരുവല്ലയില്‍ എത്തിയത്.

ആറന്മുള പോലീസ് ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തി പരിശോധനകള്‍ ആരംഭിച്ചു. എറണാകുളം ആര്‍ഡിഒയും കൊച്ചി സിറ്റി പൊലീസ് സംഘവും തിരുവല്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകിട്ടോടെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യങ്ങളോട് പറഞ്ഞു. ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവല്‍. ഷാഫിക്ക് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് സംശയമെന്നും പോലീസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in