സൗഹൃദ കൂട്ടായ്മയിൽ നിന്നുണ്ടായ ഐലാബ്; കപ്പക്കലിലെ വിദ്യാർഥികളുടെ പ്രതീക്ഷ

മുക്കം സ്വദേശി നസ്മിനയും സുഹൃത്തുക്കളും കൃത്യമായ സർവേയിലൂടെ കപ്പക്കലിലേയും പയ്യാനക്കലിലേയും പ്രശ്നങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഐലാബിന് തുടക്കമിടുന്നത്

കോഴിക്കോടിന്റെ തീരദേശ മേഖലയായ കപ്പക്കലിൽ കഴിഞ്ഞ ഏഴു വർഷമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരികയാണ് ഐലാബ്. ഒരു സൗഹൃദ കൂട്ടായ്മയിൽ നിന്നുമുണ്ടായ ഐലാബ് കപ്പക്കലിലെ വിദ്യാർഥിക്കൾക്കും രക്ഷിതാക്കൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കപ്പക്കലിലെ മനുഷ്യർ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസത്തിലും മറ്റും വേണ്ടത്ര ശ്രദ്ധ പുലർത്താൻ സാധിക്കാറില്ല.

മുക്കം സ്വദേശി നസ്മിനയും സുഹൃത്തുക്കളും കൃത്യമായ സർവേയിലൂടെ കപ്പക്കലിലേയും പയ്യാനക്കലിലേയും പ്രശ്നങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഐലാബിന് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി പയ്യാനക്കലിൽ പഞ്ഞിമുട്ടായി എന്നപേരിൽ കുട്ടികൾക്ക് ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ അത് വലിയ വിജയമായി മാറുകയും ചെയ്തു. ഇന്നിപ്പോൾ വിവിധ പ്രോജക്ടുകളുമായി ഐലാബിന്റെ വളണ്ടിയർമാർ കുട്ടികൾക്കൊപ്പമുണ്ട്. സ്കൂളില്ലാത്ത ശനി, ഞായർ ദിവസങ്ങളിലും വെക്കേഷൻ സമയത്തുമായാണ് ക്ലാസുകൾ സംഘടിപ്പിക്കാറുള്ളത്. കപ്പക്കൽ ഗവ. സ്കൂളിലും പയ്യാനക്കൽ അംഗൻവാടിയിലുമാണ് ക്ലാസുകൾ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളേജ് വിദ്യാർഥികളാണ് ക്ലാസിന് നേതൃത്വം നൽകുന്നത്. കോഴിക്കോട് കോർപ്പറേഷനും ഐലാബിന് ആവശ്യമായ സഹകരണങ്ങൾ നൽകുന്നുണ്ട്.

സ്കൂൾ സിലബസിലെ പാഠഭാഗങ്ങൾക്ക് പുറമെ സെക്സ് എജ്യുക്കേഷൻ, ഉന്നത പഠന സാധ്യതകളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങി നിരവധി ക്ലാസുകൾ നൽകുന്നുണ്ട്. തീരദേശ മേഖലയിലെ കുട്ടികൾ സ്കൂൾ പഠനത്തിന് ശേഷം ഉന്നത പഠനങ്ങൾക്കായി പോവാത്ത സാഹചര്യം ഇന്നും നിലനിൽക്കുമ്പോൾ തന്നെ ഐ ലാബിന് അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്നത് കമ്മ്യൂണിറ്റിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സഹായകരമാകും. ആൺകുട്ടികളിൽ പലരും സ്കൂൾ കഴിയുന്നതോടെ മത്സ്യബന്ധനത്തിനോ മറ്റും പോകുന്നതാണ് സാഹചര്യം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെ കുറിച്ചും രക്ഷിതാക്കൾക്ക് കൂടുതൽ അറിയാത്തതും ഇതിന് കാരണമാകുന്നു. വർഷംതോറും പഞ്ഞിമുട്ടായി പോലെയുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ കമ്മ്യൂണിറ്റിക്ക് പകർന്നു നൽകാനും ഇവർക്ക് സാധിക്കുന്നുണ്ട്.

അഫ്നയുടെ ഫുൾ എപ്ലസിന് പത്തരമാറ്റ് തിളക്കം

ഐലാബിലെ വിദ്യാർഥിനിയായിരുന്ന കപ്പക്കൽ സ്വദേശി അഫ്നക്ക് പത്താം ക്ലാസിലും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചിരുന്നു. ഐലാബിൽ ക്ലാസെടുത്തിരുന്നവരിൽ നിന്ന് ഉന്നത പഠന സാധ്യതകളെ കുറിച്ച് അഫ്ന മനസ്സിലാക്കിയിരുന്നു. ഇപ്പോൾ എൽഎൽബിക്ക് ചേരണമെന്നാണ് അഫ്നയുടെ ആഗ്രഹം. അഫ്നയിപ്പോൾ ഐലാബിന്റെ കോഒാർഡിനേറ്ററായും പ്രവർത്തിക്കുന്നുണ്ട്. ഐലാബിന്റെ ഭാഗമായിരുന്ന ചാമുണ്ടിവളപ്പിലെ ആയിശ ഫർഹാന ബിരുദം പൂർത്തിയാക്കിയത് കോഴിക്കോട് ഫാറൂഖ് കോളേജിലാണ്. ഇത്തരത്തിൽ കൂടുതൽ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തിയാൽ കപ്പക്കലിലെ മറ്റു വിദ്യാർഥികളിലേക്കും ഇതിന്റെ സാധ്യതകൾ എത്തുമെന്നാണ് ഐലാബ് അധികൃതർ പറയുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in