'കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത; പ്രണയത്തിലെ ചതിക്കുഴികൾക്കെതിരായ ബോധവത്കരണമെന്ന് വിശദീകരണം

'കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത; പ്രണയത്തിലെ ചതിക്കുഴികൾക്കെതിരായ ബോധവത്കരണമെന്ന് വിശദീകരണം

വിശ്വാസോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ നാലിനായിരുന്നു പ്രദർശനം

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത പ്രൊപ്പഗണ്ട സിനിമ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി രൂപതയ്ക്കു കീഴിലുള്ള പള്ളികളിൽ സണ്‍ഡേ ക്ലാസിലായിരുന്നു പ്രദര്‍ശനം. പത്ത് മുതല്‍ 12 വരെയുള്ള ക്ലാസ് വിദ്യാർഥികൾക്കുവേണ്ടി ഏപ്രില്‍ നാലിനായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളെ പ്രണയത്തിലകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്നും ഇതിനെതിരെ അവബോധം സൃഷ്ടിക്കാനാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നുമാണ് രൂപതയുടെ വിശദീകരണം.

എല്ലാ വര്‍ഷവും അവധിക്കാലത്ത് രൂപതയ്ക്ക് കീഴില്‍ ക്ലാസുകള്‍ നടക്കാറുണ്ട്. ഈ വര്‍ഷം രണ്ട്, മൂന്ന്, നാല് തീയതികളിലാണ് ക്ലാസ് നടന്നത്. ഇതിന്റെ ഭാഗമായി 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രണയത്തെക്കുറിച്ചുള്ള പാഠപുസ്തകം നല്‍കുകയും സിനിമ പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികളോട് ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു.

'കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത; പ്രണയത്തിലെ ചതിക്കുഴികൾക്കെതിരായ ബോധവത്കരണമെന്ന് വിശദീകരണം
പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ദൂരദര്‍ശന്‍; കേരള സ്റ്റോറി സംപ്രേഷണം ചെയ്തു

കുട്ടികള്‍ക്ക് നല്‍കിയ പാഠപുസ്തകത്തില്‍ ലവ് ജിഹാദിനെക്കുറിച്ചുള്ള ഭാഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്താണ് ലവ് ജിഹാദെന്നും കുട്ടികളെ പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും പാഠപുസ്തകത്തില്‍ പറയുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. കേരള സ്റ്റോറി ഒരു മോശം സിനിമയല്ലെന്ന് സീറോ മലബാര്‍ സഭയും പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍നിന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ദൂരദര്‍ശനും ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തിരുന്നു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെയായിരുന്നു ദൂരദര്‍ശന്‍ സിനിമ സംപ്രേഷണം ചെയ്തത്.

'കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത; പ്രണയത്തിലെ ചതിക്കുഴികൾക്കെതിരായ ബോധവത്കരണമെന്ന് വിശദീകരണം
പലതവണ പൊളിഞ്ഞ ലവ്ജിഹാദ് എന്ന കള്ളകഥ; എന്തായിരുന്നു ഷഹൻ ഷാ v/s സ്റ്റേറ്റ് ഓഫ് കേരള കേസ്?

സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമകള്‍ തയ്യാറാക്കി നേരത്തെയും വിവാദത്തില്‍ ഇടം പിടിച്ച സുദീപ്തോ സെന്നിന്റെ കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമയ്‌ക്കെതിരെ ദേശീയ തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ റിലീസ് ചെയ്ത സമയത്തും എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതല്ല കേരളത്തിന്റെ കഥ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സിനിമയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെടുകയും ബംഗാളില്‍ സിനിമയ്ക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in