മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ക്കും അടക്കം നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്
സിഎംആര്‍എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയൻ എന്നിവർ ഉൾപ്പെടെയുള്ള കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. എതിര്‍കക്ഷികളുടെ വാദംകൂടി കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി അടക്കം 12 പേര്‍ക്കാണ് നോട്ടീസ് അയക്കുക.
മാസപ്പടി വിവാദം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി. മുഖ്യമന്ത്രിയും മകളും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മറ്റു യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സി എം ആർ എൽ കമ്പനിയിൽ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയാണ് വിജിലൻസ് കോടതി തള്ളിയത്.
സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാത്തതിന്റെ പേരിൽ വിജിലൻസ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. സർക്കാർ അനുമതി തേടിയിട്ടുണ്ടോയെന്ന് ആരായാതെയും ഹർജിക്കാരന്റെ വാദം കേൾക്കാതെയുമാണ് വിജിലൻസ് ഉത്തരവ്.
ഈ സാഹചര്യത്തിൽ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ വിജിലൻസ് കോടതിക്ക് നിർദേശം നൽകണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഹർജി കോടതിയുടെ പരിഗണയിലിരിക്കെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചു. തുടർന്ന് കോടതി അമിക്വസ് ക്യൂറിയെ നിയമിച്ചു. വിജിലൻസ് കോടതി ഉത്തരവിൽ അപാകതയുണ്ടെന്നായിരുന്നു അമിക്വസ് ക്യൂറി കോടതിയെ അറിയിച്ചത്.