ഡോക്ടറെ മർദിച്ച സംഭവം; സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ സമരം തുടങ്ങി; ഒ പി വിഭാഗം പ്രവര്‍ത്തിക്കില്ല

ഡോക്ടറെ മർദിച്ച സംഭവം; സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ സമരം തുടങ്ങി; ഒ പി വിഭാഗം പ്രവര്‍ത്തിക്കില്ല

മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനത്തെയും സമരം ബാധിക്കും

ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് ഐഎംഎയുടെ നേതൃത്വത്തിലുള്ള സമരം. കെജിഎംഒഎ ഉൾപ്പടെ 30ഓളം ഡോക്ടർമാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഒ പി വിഭാഗം ഇന്ന് പ്രവർത്തിക്കില്ല. മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനത്തെയും സമരം ബാധിക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ മുതിർന്ന കാർഡിയോളജിസ്റ്റിനെ പോലീസിന്റെ സാന്നിധ്യത്തിൽ മർദ്ദിച്ച സംഭവത്തിൽ നടപടി വൈകുന്നതിലും പ്രതികളെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാട്ടുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

അത്യാഹിത വിഭാ​ഗം, അടിയന്തര ശസ്ത്രക്രിയ, ലേബർ റൂം ഒഴികെയുള്ള മുഴുവൻ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ട് നിൽക്കും. ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ എല്ലാ ഡോക്ടര്‍മാരുടെ സംഘടനകളും, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ലാബ് ടെക്നീഷ്യന്‍സ് ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട മുഴുവന്‍ സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, ബ്രഹ്മപുരത്തെ പ്രത്യേക സ്ഥിതിവിശേഷം പരിഗണിച്ച് അവിടെ പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ സമരത്തിൽ നിന്ന് ഒഴിവാക്കിയതായി ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ഡോക്ടര്‍മാര്‍ കാക്കനാട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. തിരുവനന്തപുരത്ത് ആനയറയിലെ ഐഎംഎ ആസ്ഥാനത്ത് ആയിരത്തോളം ഡോക്ടർമാർ അണി നിരക്കുന്ന ധർണ നടക്കും.

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ചില ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടേണ്ടതാണെന്ന എംഎല്‍എ ഗണേഷ് കുമാറിന്റെ പ്രസ്ഥാവനയ്‌ക്കെതിരെയും ഐഎംഎ രംഗത്തെത്തിയിരുന്നു. ഗണേഷ് കുമാറിന്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in